മനുഷ്യശരീരത്തിന്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു പീഡനം ;അടിയന്തിരാവസ്ഥക്കാലത്തെ അനുഭവം വിവരിച്ച് ചിങ്ങോലി അയ്യപ്പൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനുഷ്യശരീരത്തിന്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു പീഡനം ;അടിയന്തിരാവസ്ഥക്കാലത്തെ അനുഭവം വിവരിച്ച് ചിങ്ങോലി അയ്യപ്പൻ

അടിയന്തിരാവസ്ഥക്കാലത്ത് സധൈര്യം സ്വാതന്ത്ര്യത്തിനായി പോരാടിയ ചിങ്ങോലി അയ്യപ്പനുമായി ദേവദേവൻ നടത്തിയ അഭിമുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2021, 02:57 pm IST
FacebookTwitterWhatsAppTelegram

(അടിയന്തിരാവസ്ഥാ വിരുദ്ധ പോരാളികൾ  – ചിങ്ങോലി അയ്യപ്പനും വൈക്കം ഗോപകുമാറും )

സ്വാതന്ത്ര്യാനന്തര ഭാരതം, തമ്മിലടിക്കുന്ന കഴിവുകെട്ട രാഷ്‌ട്രീയനേതാക്കളുടേയും കൊള്ളക്കാരുടേയും തെമ്മാടികളുടേയുമൊക്കെ കൈയ്യിലാകും”. ചര്‍ച്ചിലിന്റെ ആ പരിഹാസം നമുക്ക് ഒരുവിധം പുച്ഛിച്ചു തള്ളാമായിരുന്നു അടിയന്തിരാവസ്ഥ എന്ന കറുത്തയേട് ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തില്‍ ഇല്ലായിരുന്നെങ്കില്‍. അടിയന്തിരാവസ്ഥ ചര്‍ച്ചയാകുമ്പോഴൊക്കെ ആ കിരാത നാളുകള്‍ മാത്രം ആവര്‍ത്തിച്ചു പറയുന്നത് വെറും രാഷ്‌ട്രീയ നേട്ടത്തിനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അന്നത്തെ പോരാളികളെ സ്മരിക്കാനോ പഠിക്കാനോ ആദരിക്കാനോ തെല്ലും ആവേശമില്ലാതെ, ഭരണകൂടഭീകരത മാത്രം പറയുന്നതിന് വേറെന്ത് അര്‍ത്ഥമാണുള്ളത്?. വൈക്കം ഗോപകുമാറും സ്നേഹതലതാ റെഡ്ഡിയും ഒക്കെ അനുഭവിച്ചത് ഇന്നത്തെ തലമുറകളോടു പറയാന്‍, മനസില്‍ അവരോട് കടപ്പാടുണര്‍ത്താന്‍ അപൂര്‍വ്വം ചിലര്‍ സോഷ്യല്‍ മീഡിയായിലെങ്കിലും ഉണ്ടെന്നതും വിസ്മരിക്കുന്നില്ല. പക്ഷെ രാജ്യം ഇന്നനുഭവിക്കുന്ന ഈ രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിത്തന്നവര്‍, അതിലപ്പുറം അര്‍ഹിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം പലപ്പോഴും സമൂഹമെന്ന നിലയില്‍ നാം വിസ്മരിക്കുന്നു.

രണ്ടാം സ്വാതന്ത്ര്യസമരം എന്നു തന്നെ അടിയന്തിരാവസ്ഥവിരുദ്ധ പോരാട്ടങ്ങളെ വിശേഷിപ്പിക്കണം. അന്ന് സംഘടിതമായ പ്രതിരോധങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, ഏകാധിപതികള്‍ ദ്രവിപ്പിച്ച ചില ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളേക്കാള്‍ ദയനീയമായേനേം, കോളനി ഭരണത്തില്‍ നിന്നും കുടുംബഭരണത്തിലേക്ക് വഴുതിയ ഇന്ത്യയുടേയും അവസ്ഥ. പുത്രദുഃഖത്താല്‍ നീറിയൊടുങ്ങിയ എത്രയോ ഈച്ചരവാര്യര്‍മാര്‍, ചതഞ്ഞു നുറുങ്ങിയ ദേഹവുമായി ദുരിതജീവിതം നയിച്ച, നയിക്കുന്ന, എത്രായിരം പേരറിയാത്ത മനുഷ്യര്‍, അവരോടെല്ലാം ഓരോ ഭാരതീയനും കടപ്പെടേണ്ടതു തന്നെയാണ്.

ആ ഒരു ദേശീയബോധം തന്നെയാണ് ചിങ്ങോലി അയ്യപ്പന്‍ ചേട്ടന്റെ അടുത്ത് എത്തിച്ചത്. പ്രായം എഴുപതുകളിലെത്തി നില്‍ക്കുന്ന ആദ്യകാലസംഘപ്രവര്‍ത്തകന്‍. അടിയന്തിരാവസ്ഥകാലത്ത് വൈക്കം ഗോപകുമാര്‍ജിയുടെ സഹതടവുകാരനുമായിരുന്നു. അദ്ദേഹത്തോട് സംവദിക്കാന്‍ ലഭിച്ച ഭാഗ്യാവസരത്തില്‍ നിന്നും ചിലത് പങ്കുവെയ്‌ക്കുന്നു. ചിലത് ചോദ്യോത്തരമായും ചിലത് സംഭാഷണത്തിന്റെ രത്നചുരുക്കമായും എഴുതുന്നു. സ്വയംസേവകന്‍ എന്ന നിലയില്‍ തങ്ങളുടെ മുന്‍ഗാമികളുടെ കര്‍മ്മപഥത്തെക്കുറിച്ച് ഏവരും അജ്ഞരാണ്.  വ്യക്തിപരമായ ഈ സംഭാഷണം പഴയ തലമുറയില്‍ ഒരാളുടെ വീക്ഷണവും അനുഭവങ്ങളും എന്നരീതിയില്‍ സന്തോഷത്തോടെ പങ്കുവെയ്‌ക്കുകയാണ്.

■അടിയന്തിരാവസ്ഥ നാളുകളാണ് ആദ്യം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്. ഒപ്പം വൈക്കം ഗോപകുമാര്‍ ജിയോടൊപ്പമുള്ള ജയില്‍വാസത്തെപറ്റിയുമുള്ള ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കാമോ?

□ ഗോപകുമാര്‍ ജി ഇവിടെ ജില്ലാ (ആലപ്പുഴ) പ്രചാരകനായിരുന്നു, രാജ്യത്ത് ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍. സംഘനിര്‍ദ്ദേശാനുസരണം പ്രചാരകന്‍മാര്‍ അടിയന്തിരാവസ്ഥ വിരുദ്ധപ്രചരണങ്ങള്‍ക്കായി വ്യാപകമായി, എന്നാല്‍ രഹസ്യമായും ഓടിനടന്നിരുന്നു. പോലീസ് അദ്ദേഹത്തിന്റെ പിന്നാലെയും സദാ ഉണ്ടായിരുന്നു. ഇവിടെ, ചിങ്ങോലിയില്‍, വന്നുപോയ ഉടനേയും പോലീസ് തിരക്കി വന്നിരുന്നെങ്കിലും പിടിക്കപ്പെട്ടില്ല. ഞാന്‍ മിസ പ്രകാരം രണ്ടാം തവണ അറസ്റ്റിലായി പൂജപ്പുര ജയിലില്‍ കിടക്കുമ്പോഴാണ് അദ്ദേഹത്തിനെ അവിടെ കൊണ്ടുവരുന്നത്. ഇവിടുത്തെ സ്റ്റേഷനില്‍ നിന്നും ക്യാമ്പുകളില്‍ നിന്നുമൊക്കെ ക്രൂരമായ മര്‍ദ്ദനങ്ങളേറ്റ്, തിരുവനന്തപുരത്ത് ജയിലില്‍ വേറൊരു സെല്ലില്‍ പത്തുദിവസത്തോളം ആരെയും കാണിക്കാനാവാത്ത മൃതപ്രായാവസ്ഥയില്‍ ഇട്ടശേഷമാണ് ഞാന്‍ കിടന്ന സെല്ലിലേക്ക് കൊണ്ടുവരുന്നത്. അര്‍ദ്ധ ജീവനോടെ വലിച്ചിഴച്ചു കൊണ്ടുവന്ന ആ ശരീരത്തിലെ ഒാരോ മാംസപേശിയും പശുവിന്റെ താടപോലെയായിരുന്നു തൂങ്ങിക്കിടന്ന് ആടിയിരുന്നത്. തലയില്‍ തൂക്കാനായി ജയിലില്‍ നിന്നും തരുന്ന എണ്ണയും മറ്റും തടവുകാരുടെ കുഴമ്പും എല്ലാം ശേഖരിച്ച് ദിവസങ്ങളോളം ഞാനദ്ദേഹത്തിനെ തിരുമ്മി. അങ്ങനെ കുറെദിവസങ്ങള്‍ കഴിഞ്ഞാണ് എഴുന്നേല്‍ക്കാനായത്. ആ ക്രൂരതയൊന്നും ഇന്ന് ചിന്തിക്കാനാവില്ല. അദ്ദേഹത്തിനെ പറ്റി പലതും മാധ്യമങ്ങളില്‍ വന്നത് വായിച്ചിരിക്കുമല്ലോ?. അന്ന് അദ്ദേഹത്തിന്റെ ജീവന്‍ പോകാഞ്ഞതാണ് ഇന്നും ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതം.

1976 ജൂണ്‍ ഇരുപത്തിയാറാം തീയതിയാണ് എന്നെ രണ്ടാമത് അറസ്റ്റു ചെയ്തത്. ആ സമയത്ത് ഇന്ദിരാ ഗാന്ധി ഇടുക്കിയില്‍ വരുന്നുണ്ടായിരുന്നു. ആ സന്ദര്‍ശനത്തിനു മുന്നോടിയായിരുന്നു മിസ പ്രകാരമുള്ള അറസ്റ്റ്.

ഞാന്‍ ആദ്യമായി അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിനു പോകുന്നത് ’76 ജനുവരിയിലാണ്, കായംകുളത്തേക്കായിരുന്നു. ഞങ്ങള്‍ ആറുപേരായിരുന്നു ആ ബാച്ചില്‍. സംഘനിര്‍ദ്ദേശാനുസരണം, അവസാന ബാച്ച് പോയത് ജനുവരി പതിനാലിനായിരുന്നു. എന്റെ ബാച്ച് ലീഡര്‍, പ്രചാരകായിരുന്ന, ആര്‍ ഗോപാലന്‍ ആയിരുന്നു. അതിലൊരാളൊഴികെ എല്ലാവരും ഇന്ന് ജീവനോടെയുണ്ട്. പത്തൊമ്പതുകാരന്‍ മുതല്‍ മുപ്പത്തിയഞ്ചുകാരന്‍ വരെ ആ ആറിലുണ്ടായിരുന്നു. അറസ്റ്റു ചെയ്ത് കായംകുളം സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഇനിക്കന്ന് ഇരുപത്തിമൂന്നാണ് പ്രായം. ആ ദിവസങ്ങളില്‍ ഒരു മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അധികം പീഡനം ഞങ്ങള്‍ ഏറ്റു. അന്ന് അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ ചെയ്യാവുന്നതിന്റെ പരമാവധി ഞങ്ങളോട് ചെയ്തു. അതൊന്നും വിശദീകരിക്കാന്‍ പറ്റുന്നതല്ല. ഒരു പത്തൊമ്പതുകാരന്റെ ശരീരം ഒന്നോര്‍ക്കൂ, അതിനു താങ്ങാനാവുമോ മൃഗീയമായ പീഡനങ്ങള്‍, അയാള്‍ ഇന്നും അതിന്റെ പ്രയാസങ്ങളിലാണ് ജീവിക്കുന്നത്.

പോലീസുകാര്‍ ഇനിയൊന്നും ബാക്കി ചെയ്യാനില്ലെന്ന അവസ്ഥയില്‍ കോടതിയില്‍ ഹാജരാക്കി. റിമാന്റ് ചെയ്ത് ആറ് മാസങ്ങള്‍ക്കു ശേഷം വിട്ടു, പിന്നീടാണ് ഞങ്ങളില്‍ ഒന്നു രണ്ടുപേരെ ദിവസങ്ങള്‍ക്കകം രണ്ടാംവട്ടവും പിടിക്കുന്നത്. ഗോപകുമാര്‍ജിയെ സഹായിക്കേണ്ടവര്‍, മിക്ക പ്രവര്‍ത്തകരും, അങ്ങനെ അകത്തായി. പിന്നെ അദ്ദേഹത്തിന് ഒറ്റയ്‌ക്കു വിശ്രമമില്ലാതെ അലയേണ്ടി വന്നു. പോലീസുകാര്‍ക്ക് പലപ്പോഴും അദ്ദേഹത്തിനെ തിരിച്ചറിയാനാവാതെ പോയതാണ് പിടിക്കപ്പെടാന്‍ താമസിച്ചതും. അങ്ങനെയാണ് അവര്‍ക്ക് ഒറ്റുകാരെ ആശ്രയിക്കേണ്ടി വന്നതും.

ഒറ്റുകാരും സജീവമായിരുന്നു. ഒരിക്കല്‍ ഒളിവിലെ നാളുകളില്‍ ഉറങ്ങവെ എന്റെ കൂടെകിടന്നിരുന്ന ആളിനെ കാണുന്നില്ല, എന്തോ പന്തികേട് തോന്നി ആ സ്ഥലത്തുനിന്നും മാറി ദൂരെ വേറൊരിടത്ത് പതിയിരുന്നു വീക്ഷിച്ചു. ഏകദേശം ഒരു മണിക്കൂറിനുശേഷം പോലീസുകാര്‍ ആ വീട് വളഞ്ഞു പരിശോധിച്ച് വെറുംകയ്യോടെ പോയി.

ജയില്‍പീഡനത്തിലെ ഭീകരത എങ്ങനെ വിശദീകരിക്കാനാവും, ഗരുഡന്‍ തൂക്കിയിട്ടു, പച്ചീര്‍ക്കലി കയറ്റി എന്നൊക്കെ രണ്ടുവാക്കില്‍ പറഞ്ഞാല്‍, ഒരു ജന്‍മം മുഴുവന്‍ അതിന്റെ ദോഷം പിന്‍തുടരുന്നത് കേള്‍ക്കുന്നയാള്‍ക്ക് ഉള്‍ക്കൊള്ളാനാവുമോ? ഇല്ല, അത് അനുഭവിച്ചവര്‍ക്ക് മാത്രമറിയുന്ന ദുരിതമാണ്. ഒറ്റയടിക്കു 32 പല്ലും പോയവരുണ്ട്. ഇന്നും സ്വയം രണ്ടുകാലില്‍ നില്‍ക്കാനാവാത്തവരും കഠിനമായ ആരോഗ്യപ്രശ്നങ്ങളും വേദനയും അനുഭവിക്കുന്നവരുമുണ്ട്. അവരില്‍ ചിലരെ ആലുവായില്‍ നടന്ന അടിയന്തിരാവസ്ഥ സേനാനികളുടെ ബൈഠക്കില്‍ കണ്ടിരുന്നു. വാക്കുകളില്‍ പറയാനോ പകര്‍ത്താനോ പറ്റുന്നതല്ല ആ വേദനകളൊന്നും തന്നെ.

■ജയിലില്‍ രാജേട്ടന്‍, എ കെ ജി, ഇ എം എസ് എന്നിവരെ കാണാനാകുമായിരുന്നോ?

□ അവരെല്ലാം A ക്ളാസിലായിരുന്നു. ഞങ്ങളുടേത് C-യും. ഇടയ്‌ക്കു വാര്‍ഡുകള്‍ തമ്മില്‍ തിരിയ്‌ക്കുന്ന വാതിലില്‍ കൂടി അവരെ ചിലരെ കാണാമായിരുന്നു, എന്നല്ലാതെ സംവദിക്കാനുള്ള അവസരം തരില്ല.
(സമകാലീനരും മറ്റു വ്യത്യസ്ത ദേശങ്ങളില്‍ നിന്നുമുള്ള സംഘഅധികാരികളേയും അന്നത്തെ പ്രശസ്തരായ ഇതര സംഘടനകളിലേയും SNDP യുടെ ചിലനേതാക്കളേയും പോലീസ് ഓഫീസേഴ്സിനേയും പരാമര്‍ശിക്കുന്നു. വെറും ഗ്രൂപ്പുഭിന്നതയാല്‍ ഉള്ളിലെത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളേയും പറയുന്നു..ജര്‍മ്മന്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ജയിലില്‍ കാളയിറച്ചി വരുത്തിച്ചു കഴിച്ച EMSന്റേയും മറ്റും ജയില്‍ സുഖവാസം – രാജേട്ടന്റെ ആത്മകഥയിലെ സന്ദര്‍ഭമാണ് ഓര്‍മ്മവന്നത്)

■അന്നു മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ വല്ലതും പിന്നീട് കണ്ടിട്ടുണ്ടോ?

□കായകുളം സ്റ്റേഷനിലിട്ട് ക്രൂരമായി ഉപദ്രവിച്ച ഒരാള്‍ ഒരിക്കല്‍ മുന്നില്‍ വന്നതും പെട്ടെന്ന് മാറിമറഞ്ഞതും ഓര്‍മ്മയുണ്ട്, അതല്ലാതെ വേറെ ഉണ്ടായിട്ടില്ല. മാത്രമല്ല അടിയന്തിരാവസ്ഥ പിന്‍വലിച്ചയുടനെ ദേവറസ്ജി പറഞ്ഞിരുന്നല്ലോ, സ്വയംസേവകര്‍ക്കു മറക്കാനും പൊറുക്കാനും സാധിക്കണം, വൈരാഗ്യം വെച്ചുകൊണ്ട് പോകേണ്ട കാര്യമില്ല എന്ന്. അതായിരുന്നു എല്ലാവരേയും നിയന്ത്രിച്ചിരുന്നത്. അന്ന് ഒറ്റിയവരും പീഡിപ്പിച്ചവരുമൊക്കെ പിന്നീട് പലകാലങ്ങളായി പരിവാര്‍ പ്രസ്ഥാനങ്ങളില്‍ ചേക്കേറിയിട്ടുണ്ട്. മൃഗീയമായി സ്വയംസേവകരെ പീഡിപ്പിച്ച ഒരുദ്യോഗസ്ഥന്‍ പെന്‍ഷനായ ശേഷം സ്വയരക്ഷയ്‌ക്ക് മാത്രമായി പരിവാറിനോട് ഒട്ടി നിന്നു, ആ രീതിയില്‍ സംഘടനയേയും പ്രവര്‍ത്തകരേയും ദ്രോഹിച്ചവരുണ്ട് പലരും. അതെല്ലാമൊന്നും വ്യക്തിപരമായി ഉള്‍ക്കൊള്ളാനാവുന്നതല്ല. അവരൊക്കെ ക്ഷമിക്കാനാവാത്ത ക്രൂരതകള്‍ക്കു കൂട്ടുനിന്നവരായിരുന്നു. (രക്തംമരവിക്കുന്ന ചില സംഭവങ്ങള്‍ പങ്കുവെച്ചത് ഒഴിവാക്കുകയാണ്.)

■സംഘടനയ്‌ക്കുവേണ്ടി ഒരുകാലത്ത് ജീവിതം മാറ്റിവെച്ചവര്‍ പലരും, അടിയന്തിരാവസ്ഥ കാലഘട്ടത്തിലെ ക്രൂരതയ്‌ക്ക് ഇരയായവര്‍, ഇവര്‍ക്കൊക്കെ അര്‍ഹിക്കുന്ന പരിഗണ ലഭിച്ചിട്ടില്ല എന്ന് മുതിര്‍ന്ന സ്വയംസേവകര്‍ സ്വകാര്യസംഭാഷണങ്ങളില്‍ പറയാറുണ്ട്. വാസ്തവത്തില്‍ സ്വകാര്യമായി വെയ്‌ക്കേണ്ടതാണോ ആ സംഗതികള്‍.

□എല്ലാ സംഘടനകളിലും അത്തരം വെട്ടിനിരത്തലുകളും അവഗണനകളും ഉള്ളതുതന്നെയാണ്. പക്ഷെ എല്ലാ സംഘടനകളെപ്പോലേയും സംഘത്തെ കാണാനാവില്ലല്ലോ. ഉദാഹരണത്തിന്, അടിയന്തിരാവസ്ഥയിലെ പീഡനം നേരിട്ടവരില്‍ വളരെ കുറച്ചുപേരെ ഇന്നു ജീവനോടെ ഉണ്ടാകൂ, അവരില്‍ കഷ്ടപ്പാട് അനുഭവിക്കുന്ന ചിലരുണ്ട്. നമ്മള്‍ കേന്ദ്രം ഭരിക്കുമ്പോഴും അതൊക്കെ മുന്‍ഗണനയോടെ നടത്തേണ്ട കാര്യമായിട്ടും കൂടി, ശ്രദ്ധയില്‍പ്പെടുത്താന്‍ പോലും സാധിക്കാത്തത് ന്യായീകരിക്കാവുന്നതല്ല. കമ്യൂണിസ്റ്റുകളെ നോക്കൂ, അവരുടെ രക്തസാക്ഷികളെ പറ്റി അവര്‍ക്ക് എന്ത് ആവേശമാണ്, പഴയപാര്‍ട്ടിനേതാക്കളുടെ ക്രൂരതകള്‍പോലും ത്യാഗങ്ങളെന്ന് ഇല്ലാക്കഥകളും ചേര്‍ത്ത് പുതുതലമുറകളെ പഠിപ്പിക്കുന്നു. അവരുടെ കുടുംബം പാര്‍ട്ടി സംരക്ഷിക്കുന്നു, നമ്മളോ? പൂവിട്ടു പൂജിക്കണം ദിനവുമെന്നല്ല. മുന്‍കാല പ്രവര്‍ത്തകര്‍ സഹിച്ചതും പ്രവര്‍ത്തിച്ചതും ഒക്കെ സ്മരിക്കുന്ന ഒരു തലമുറയാണ് ഇന്നത്തെ പ്രവര്‍ത്തകര്‍ എന്നറിയുമ്പോഴുണ്ടാകുന്ന സന്തോഷം മാത്രമെ ഇതില്‍ തിരികെ നല്‍കാനാവു. അത് മതിയാവും പലര്‍ക്കും.

■എങ്ങനെയായിരുന്നു ഈ പ്രദേശത്തെ സംഘപ്രവര്‍ത്തനവും അതിലേക്ക് എത്തപ്പെട്ടതും.

□ഇവിടെ ചിങ്ങോലിയില്‍ അറുപത്തിയഞ്ചിലാണ് ശാഖതുടങ്ങിയത്. ആലപ്പുഴ ജില്ലാപ്രചാരക് സേതുമാധവന്‍ എന്ന സേതുവേട്ടനായിരുന്നു. ആലപ്പുഴയില്‍ ജോലിയുണ്ടായിരുന്ന എന്റെ ജേഷ്ഠന്‍ അന്ന് സേതുവേട്ടനുമായി നല്ല ബന്ധത്തിലായി, ആ വഴിയാണ് സംഘം ഇവിടെയെത്തിയത്. ചേട്ടന്‍ കടുത്ത മാര്‍ക്സിസ്റ്റു ചിന്താഗതിക്കാരനായിരുന്ന ബീഡിത്തൊഴിലാളി ആയിരുന്നു. മുല്ലയ്‌ക്കലായിരുന്നു ജോലിസ്ഥാപനം, കാര്യാലയും അവിടെതന്നെ. സേതുവേട്ടനൊക്കെ ചടഞ്ഞിരുന്നു പ്രവര്‍ത്തിക്കുന്നവരല്ലല്ലോ അവര്‍ ഇറങ്ങി നടന്ന് സാമര്‍ത്ഥ്യമുള്ളവരെ ഇതുപോലെ കണ്ടെത്തി. ഒരുവാക്കും രാഷ്‌ട്രീയം പറയാതെ മിടുക്കരായവരെ കൂടെയാക്കുക എന്നതൊരു കലയാണ്, സാധനയാണ്. അന്നത്തെ പ്രചാരകന്‍മാരുടെ ആര്‍ജ്ജവം അത്രയ്‌ക്കായിരുന്നു.

സംഘത്തിനെതിരായോ അനുകൂലിച്ചോ മാധ്യമ രാഷ്‌ട്രീയ കുപ്രചരണങ്ങള്‍ ഇന്നത്തെ കാലത്തെ പോലേ അന്നില്ലായിരുന്നു. പിന്നിടുള്ള ഓരോ ബൈഠക്കുകളിലും പുതിയ ഇടങ്ങളില്‍ ശാഖതുടങ്ങിയതോ, സമ്പര്‍ക്കങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതോ ഒക്കെ പറയേണ്ടതായി ഉണ്ടാവും. രാപ്പകല്‍ അതിനായി യത്നിക്കുമായിരുന്നു. ഇവിടുന്ന് കരുവാറ്റയ്‌ക്ക് എട്ടുകിലോമീറ്ററുണ്ട്. സൈക്കിളെടുത്ത് പോവാനുള്ള സാമ്പത്തികമില്ല. വൈകുന്നേരം മൂന്നുമണിയോടെ നടന്നു പോയി ശാഖയെടുക്കും, എന്നിട്ട് എട്ടുമണിവരെ പലവീടുകളിലും കയറിഇറങ്ങി പുതിയ സ്വയംസേവകരെ കൂട്ടാനുള്ള സമ്പര്‍ക്കം നടത്തി, തിരികെ നടക്കും. ഈ പോകുന്നവഴികളിലെല്ലാം കാലാന്തരേ പുതിയ മണ്ഡലങ്ങളും അവയില്‍ ശാഖകളും തുടങ്ങാനുള്ള പദ്ധതികളിടും. അങ്ങനെ ഏകദേശം എണ്‍പതുകളില്‍ വരെ എന്റെ സമയമായിരുന്നു. അന്ന് ഗള്‍ഫിലേക്കുള്ള പ്രവാസകാലമായിരുന്നു. പലരും പോയെങ്കിലും അടുത്തകൊല്ലമാകട്ടെ എന്നു ഗണപതികല്യാണമായിപ്പോയി എന്റെ പോക്ക്. ഒന്നോ രണ്ടോയിടങ്ങളില്‍ ഒഴികെ താലൂക്കില്‍ എമ്പാടും ശാഖകളായി. എല്ലാസ്ഥലങ്ങളിലും ഇതുപോലുള്ളവര്‍ ഉണ്ടാകും. അവരെപറ്റിയും അന്നത്തെ പ്രവര്‍ത്തനങ്ങളെപറ്റിയും ഇന്നത്തെ തലമുറയ്‌ക്കൊന്നും അറിയാന്‍ സാധ്യതയില്ല. എല്ലാവരും അങ്ങനെയാവണെന്നല്ല, അടിയന്തിരാവസ്ഥ പ്രവര്‍ത്തകര്‍ക്കായുള്ള ആലുവായിലെ ബൈഠക്കില്‍ കെ സുരേന്ദ്രന്‍ വളരെ കാര്യബോധത്തോടേയും വൈകാരികമായും ഈ വിഷയങ്ങള്‍ പരാമര്‍ശിച്ചത് എടുത്തുപറയേണ്ടതുമുണ്ട്. എല്ലാസംഘടനകളുടേയും ആവേശം അവരെ അവരാക്കിയ അടിത്തറയോടുള്ള, ഐതിഹാസിക സമരസേനാനികളോടുള്ള വിശ്വാസവും ആദരവുമാണ്, അതാണ് പുതിയപ്രവര്‍ത്തകര്‍ക്ക് ഉത്തേജനവും പാഠവും.

ശേഷം ചെറിയൊരു കടയും കുടുംബജീവിതവുമായി തുടര്‍ന്ന് തൊണ്ണൂറ്റിയാറില്‍ വരെ സജീവമായി തന്നെ ഉണ്ടായിരുന്നു. വ്യക്തിപരമായതും ആരോഗ്യപരമായതുമായ കാരണങ്ങളാല്‍ പുതിയ തലമുറയ്‌ക്കു വേണ്ടി ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും മാത്രം പിന്‍വാങ്ങി. എങ്കിലും ഉത്സവകാര്യപരിപാടികള്‍ എല്ലാം അറിഞ്ഞും കൂടിയുമേ തീരുവെന്ന വാശിയുണ്ട്. പ്രായവും രോഗവും കാരണം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പലതും അറിയിക്കില്ല എന്നെ, എന്നതുപോലും സഹിക്കാന്‍ പറ്റുന്നതല്ല. ഒരുകാലത്ത് ഇതുമാത്രമായിരുന്നല്ലോ ഞങ്ങളുടെയൊക്കെ ജീവിതം.

അടിയന്തിരാവസ്ഥകാലത്ത് രഹസ്യമായി മുന്‍കൂട്ടിതീരുമാനിച്ച സ്ഥലത്തുകൂടി കാര്യവിചാരങ്ങള്‍ പങ്കിട്ട് പ്രാര്‍ത്ഥന ചൊല്ലിപ്പിരിയുമായിരുന്നു. അടിയന്തിരാവസ്ഥ പിന്‍വലിച്ച ശേഷം, അക്കാലത്തെ സംഘത്തിന്റെ പ്രതിരോധത്തില്‍ ആകൃഷ്ടരായി ചിന്തിക്കുന്ന വലിയൊരു കൂട്ടം യുവാക്കളുടെ പ്രവാഹം തന്നെ സംഘടനയിലേക്ക് ഉണ്ടായിരുന്നു. ആ വരവ് അതുഗുണമോ ദോഷമോ എന്നതെപറ്റി ചിന്തിക്കാറുണ്ട് പലപ്പോഴും.

■എങ്ങനെയായിരുന്നു അടിയന്തിരാവസ്ഥ കാലത്തെ ആശയവിനിമയങ്ങള്‍. പോലീസ് ക്രൂരതകളെ പറ്റിയുള്ള വാര്‍ത്തകള്‍ അറിയുമ്പോള്‍ പിന്‍മാറാന്‍ തോന്നുമായിരുന്നില്ലേ. എന്തായിരുന്നു അന്നത്തെ ലേഖനങ്ങളുടെ ഉള്ളടക്കം. അന്നത്തെ കുടുംബപശ്ചാത്തലം എല്ലാം പറയുമോ.

□ ലഘുലേഖകള്‍, കുരുക്ഷേത്ര മാത്രമായിരുന്നില്ല, എല്ലാവരിലും എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. വേറെ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു. അടിയന്തിരാവസ്ഥകാലത്ത് ലഘുലേഖകള്‍ രഹസ്യമായി ഞാന്‍ കൊടുത്തിട്ട് ഭയന്നു മേടിക്കാതെ പോയ കമ്യൂണിസ്റ്റ് പാര്‍ട്ടിനേതാക്കളൊക്കെയുണ്ട്. മുന്‍കൂട്ടി തീരുമാനിച്ച അടയാളങ്ങള്‍ പ്രകാരം പലയിടത്തും ആള്‍ക്കാര്‍ കണ്ടുമുട്ടി ലേഖകള്‍ കൈമാറും. വാങ്ങേണ്ട അതേ വലിപ്പത്തിലുള്ള കാലിപ്പൊതിയും മറ്റെ ആളിന്റെ കൈയ്യില്‍ കാണും തിരികെ തരാന്‍. പോലീസിന്റെ അതീവ ശ്രദ്ധ പൊതിയിലുണ്ടായേക്കാം എന്നതിനാലാണിത്. പോലീസിനെ പേടിച്ചിരുന്നോ എന്നു ചോദിച്ചാല്‍, ഒരു ലേഖനം കൈയ്യില്‍ കിട്ടിയാല്‍ ആദ്യമെത്തിക്കുന്നത് പോലീസിനു തന്നെയായിരുന്നു. ഇരുട്ടില്‍ മൂന്നായി പിരിഞ്ഞ് മൂന്നിടത്തും നിന്നും കരിങ്കല്‍ ചീള് പൊതിഞ്ഞ് ഒരേസമയം എറിയും. ഒരെണ്ണമെങ്കിലും നഷ്ടപ്പെടാതെ കിട്ടാനായിരുന്നു മൂന്നെണ്ണം എറിഞ്ഞിരുന്നത്. നൊടിയിടയില്‍ പിടികൊടുക്കാതെ മറയുകയും ചെയ്യും.

അധികാരത്തിന്റെ അഹങ്കാരത്തില്‍കാട്ടുന്ന നെറികേടുകളും പോലീസ് മര്‍ദ്ദനങ്ങളും പ്രതിരോധങ്ങളുമെല്ലാം ലേഖനങ്ങള്‍ക്ക് വിഷയമായിരുന്നു. ഒരുമാതിരി ബോധമുള്ള ഒരുവന്‍ വായിച്ചാല്‍ അവന്റെ ചോരതിളയ്‌ക്കുന്ന എഴുത്തായിരുന്നു അവകളില്‍. ഇവിടങ്ങളില്‍ വിതരണത്തിനുള്ളവ, ചെങ്ങന്നൂരിലെവിടെയോ ആണ് കല്ലച്ചില്‍ അടിക്കുന്നതെന്ന് കേട്ടിട്ടുണ്ടെങ്കിലും, അതറിയുന്നത് നമ്മെക്കാള്‍ ദോഷം മറ്റുപലര്‍ക്കുമായതിനാല്‍ ഒന്നിനേപറ്റിയും ചോദിക്കുകയോ അന്വേഷിക്കുകയോ ഇല്ലായിരുന്നു. ചില മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാക്കള്‍ ഭയന്നെങ്കിലും ലേഖനങ്ങള്‍ വാങ്ങുമായിരുന്നു. ഞാന്‍ കൊടുത്തിട്ട് ഭയന്ന് മേടിക്കാത്തവരുമുണ്ട്. ഇന്നവരൊക്കെ വീരവാദമടിക്കുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ്. കമ്യൂണിസ്റ്റുകളുടെ രാഷ്‌ട്രീയപരമായ ഗുണ്ടാവിളയാട്ടങ്ങളില്‍ പൊറുതിമുട്ടിയ ജനം അടിയന്തിരാവസ്ഥയെ ഇവിടെ പിന്നീട് അനുകൂലിക്കുകയാണ് ചെയ്തത് കാരണം അക്കാലത്ത് അവരുടെ ശല്യം കുറവായതിനാല്‍.

ദേവന്‍ ചോദിച്ചല്ലോ, പഴയ ലേഖകള്‍ വല്ലതും സൂക്ഷിച്ചു വെച്ചിട്ടുണ്ടോ എന്ന്. അതിന്റെ ഗൗരവം ഇന്ന് നിങ്ങള്‍ ഊഹിക്കുന്നതിനും അപ്പുറമാണ്. വീടുകളിലും മറ്റും അത് വെയ്‌ക്കുന്നത് മരണം ഉറപ്പിക്കാനുള്ള സമ്മതപത്രം പോലെയായിരുന്നു എന്നോര്‍ക്കണം. സംഘബന്ധത്തിന്റെ സംശയത്തിന്റെ പേരില്‍ പോലും എത്രയോപേര്‍ക്ക് ഉദ്യോഗനഷ്ടം ഉണ്ടായിട്ടുണ്ട്.

വീട്ടില്‍ അക്കാലത്ത് പട്ടിണിയോട് പട്ടിണിയായിരുന്നു. എങ്കിലും എതിര്‍പ്പുണ്ടായിരുന്നില്ല. എന്റെ അച്ഛന്‍ നല്ല ധൈര്യശാലിയായിരുന്നതിനാല്‍ തടഞ്ഞിട്ടില്ല. പലതവണ പോലീസുകാര്‍ വന്നിരുന്നെങ്കിലും അച്ഛന്‍ പതറാതെ പിടിച്ചുനിന്നിരുന്നു. അന്ന് കാര്‍ത്തികപ്പള്ളി താലൂക്കിന്റെ ചുമതലയായിരുന്നു എനിക്ക്. ഞാന്‍ പിടിക്കപ്പെട്ട ശേഷം അച്ഛന് ആരോഗ്യം ക്ഷയിച്ച് മരണപ്പെടും എന്നൊരു അവസ്ഥ വന്നിരുന്നു. രോഗം വല്ലാതെ മൂര്‍ച്ഛിച്ചപ്പോള്‍ പോലീസ് ബന്തവസ്സോടെ ഒരുദിവസം കൊണ്ടുവന്ന് കാണിച്ചു. ഒരു പുത്രനെന്ന നിലയില്‍ ഞാന്‍ ചെയ്യുന്നത് ശരിയാണോ എന്ന് ഉള്ളിനെ നോവിച്ചിരുന്നു.

■പഴയകാല പ്രവര്‍ത്തനവും ഇന്നത്തെ പ്രവര്‍ത്തനവും തമ്മില്‍ എങ്ങനെ താരതമ്യം ചെയ്യാനാകും. എവിടൊക്കെയാണ് കാലോചിതമായ മാറ്റങ്ങള്‍ വേണമെന്ന് തോന്നുന്നത്.

□ഈ എം എസ് അണികളോട് പറഞ്ഞതായി പ്രചരിച്ചിരുന്നു നിങ്ങള്‍ ആറെസ്സെസ്സുകാരോട് സംസാരിക്കാനേ പോവരുത് എന്ന്. അത്രയ്‌ക്ക് ലോകവിവരവും സാഹിത്യതത്പരരുമായിരുന്നു സ്വയംസേവകര്‍. എന്റെ ജേഷ്ഠനെ പ്രചാരകര്‍ മാറ്റിയത് മുന്‍പ് പറഞ്ഞല്ലോ? അതൊടൊപ്പം ബുദ്ധിജീവിജാഡയില്ലാത്ത സാമാന്യര്‍ എന്ന പൊതുസ്വീകാര്യതയും ഉണ്ടായിരുന്നു. ഒരാള്‍ രാഷ്‌ട്രീയപരമായ വാഗ്വാദത്തിനുവന്നാല്‍ അവനെ സംഘപ്രവര്‍ത്തകനാക്കി മാറ്റാനുള്ള വ്യക്തിത്വവും ധിഷണയും അന്നത്തെ ചുമതലയിലുള്ളവര്‍ക്ക് ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്നോ കാസര്‍ഗോഡു നിന്നോ ഒരു ബാഗുമായി ഒരുവന്‍ ഈ നാട്ടിലെത്തി, നമ്മളുടെ വീട്ടില്‍ കയറി ഞാനൊരു പ്രചാരകനാണ് എന്നു പറഞ്ഞാല്‍, ഏതുപാതിരാത്രിയിലും അയാള്‍ക്ക് ഭക്ഷണവും കിടക്കയും ഉറപ്പായിരുന്നു. അത് ആറെസ്സെസ്സുകാരന്റെ വീടുപോലും ആകണമെന്നില്ല. അതായിരുന്നു അന്ന് ”ആറെസ്സെസ്സുകാരന്‍” എന്നു പറഞ്ഞാല്‍. പാതിരാത്രി അച്ഛന്‍ കപ്പപറിച്ച് സേതുവേട്ടനൊക്കെ പുഴുങ്ങി നല്‍കുന്നത് അദ്ദേഹത്തിനെ പോലുള്ളവരുടെ വ്യക്തിപ്രഭാവത്താലായിരുന്നു. സേതുവേട്ടനൊക്കെ ഒരുവീട്ടില്‍ വന്നാല്‍ ആ കുടുംബത്തിലെ സ്ത്രീകളാവും ആദ്യം സംഘബന്ധുക്കളാവുക, അത്ര ആകര്‍ഷകമായതാണ് അവരെപ്പോലെയുള്ളവരുടെ മനോഭാവവും ഇടപെടീലുകളും. അവര്‍ വന്നു തങ്ങിപ്പോയാല്‍ അതൊരുസംഘവീടായി മാറിയിരിക്കും. രാപ്പകല്‍ കിലോമീറ്ററുകള്‍ നടന്നു ക്ഷീണിച്ചു വലഞ്ഞുവന്നിട്ടാണ് ഈ ആകര്‍ഷകമായ ഇടപെടീലുകളുമെന്ന് ഓര്‍ക്കണം.

ഭാസ്ക്കര്‍ റാവുജി ഒക്കെ വരുമ്പോള്‍ എവിടെകിടത്തും എന്നൊക്കെയായിരുന്നു ഞങ്ങളുടെ അന്നത്തെ വേവലാതി. അദ്ദേഹത്തിന് അതൊന്നും വിഷയമല്ലെങ്കില്‍ പോലും. അന്നെവിടാണ് നല്ലൊരു വീടോ കിടക്കയോ നമ്മളുടെ പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. കീറപ്പായയിലൊക്കെ കിടത്തേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഇന്നില്ലല്ലോ പിന്നെന്തു താരതമ്യം.

അതേപോലെ പ്രവര്‍ത്തകരുടെ ആത്മവീര്യവും ആത്മാഭിമാനവും സംരക്ഷിക്കുക എന്നത് സംഘടനയെ സംബന്ധിച്ചിടത്തോളം പരമപ്രധാനവുമായിരുന്നു. കണ്ണൂരോ കാസര്‍ഗോഡോ ഉള്ള ഒരുപ്രവര്‍ത്തകന് എന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാല്‍ ഇവിടെയുളള ഞങ്ങളുടെ ഉള്ളുനീറും, മറിച്ചും. അതായിരുന്നു ബോണ്ടിംഗ്. ഇപ്പോഴത്തെ പ്രവര്‍ത്തനത്തെ അക്കാലവുമായി താരതമ്യപ്പെടുത്തേണ്ടതില്ല. അഥവാ കാലോചിതമായി എന്തെങ്കിലും വേണമെങ്കില്‍ അത് ഇപ്പോഴുള്ളവര്‍ തീരുമാനിക്കട്ടെ. സംഘടനാപരമായുള്ള വിയോജിപ്പുകള്‍ അന്ന് അധികാരികളുമായി, രഹസ്യമായി പങ്കുവെയ്‌ക്കുമായിരുന്നു. തെറ്റുകളും തെറ്റിദ്ധാരണകളും മാറ്റുന്നത് സംഘടനയുടെ ഭാവിക്കുവേണ്ടിയാണല്ലോ, അത് പരസ്യമായി ചെയ്യേണ്ടതുമല്ല. ഒരു സംഘടനയാകുമ്പോള്‍ ഉള്ളില്‍ പല ആഭ്യന്തര സംഘര്‍ഷങ്ങളും ഉണ്ടാവാം, അവയുടെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് ആരോഗ്യപരമായി തിരുത്തലുകള്‍ ഉണ്ടായില്ലെങ്കില്‍ സംഘടനയുടെ നിലനില്‍പ്പിനും മൂല്യത്തിനുമാകും ദോഷമുണ്ടാകുക. ചില പ്രവര്‍ത്തകരിലും അധികാരികളിലും മൂല്യച്യുതി എല്ലാകാലത്തും ഉണ്ടാകുന്നതാണ്, ആരും പൂര്‍ണരല്ലല്ലോ. വീഴ്ചകളുമുണ്ടാവാം അതെല്ലാം തിരിച്ചറിഞ്ഞ് തിരുത്താന്‍ കടുംപിടിത്തം ഒഴിവാക്കി മുന്നോട്ട് പോകണം. പഴകാല പ്രചാരകരുടേയും സീനിയറായ പ്രവര്‍ത്തകരുടേയും മറ്റും ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനമാക്കുന്ന രീതിയിലാവാനുള്ള മാര്‍ഗങ്ങള്‍ സംഘടനാപരമായി ഒരുക്കിയാല്‍ നന്നെന്ന് ഒരു അഭിപ്രായമുണ്ട്.

■എന്താണ് പ്രത്യേകമായി പറയാനുള്ളത്.

□ നമ്മള്‍ എല്ലാംകൊണ്ടും വ്യത്യസ്തരായ രണ്ടുവ്യക്തികള്‍ ഇവിടെ ഇന്നു സംസാരിക്കാന്‍ കാരണമായ ആ സംഘത്തെപ്പറ്റിയല്ലാതെ വേറെന്തു പറയാനാണ്. പച്ചിരുമ്പ് ഒരു നല്ലപണികാരന്റെ കൈയ്യില്‍ കിട്ടിയാല്‍ പലയാവര്‍ത്തി പഴുപ്പിച്ചും പതംവരുത്തിയും നല്ലൊരു ആയുധമായി മാറുന്നപോലെ വ്യക്തിയെ പാകപ്പെടുത്തുന്നതാണ് നിത്യശാഖയില്‍ ഊന്നിയ സംഘപ്രവര്‍ത്തനം. ആ ബോധം എല്ലാവരിലും വേണം. അത്ര ശാസ്ത്രീയമായിട്ടാണ്, കണക്കുകൂട്ടലിലാണ് ഇതെല്ലാം രൂപപ്പെടുത്തിയിരിക്കുന്നത്. ദണ്ഡ ആത്മവിശ്വാസവും ഏകാഗ്രതയും കൂട്ടുന്നപോലെ ഘോഷ് വിളിക്കുപോലും അതിന്റെ കര്‍ത്തവ്യമുണ്ട്. കൗമാര-യൗവ്വനാരംഭത്തില്‍ പുരുഷന് ശബ്ദവ്യതിയാനമുണ്ടാകുമ്പോള്‍, അതിന് ആജ്ഞാശക്തിയും സ്ഫുടതയും കാഠിന്യവും ഉയര്‍ത്താന്‍ തൊണ്ടകീറിയുള്ള ഘോഷ് വിളികള്‍ക്ക് സാധിക്കും. സൂര്യനമസ്കാരമൊക്കെ സ്ഥിതിയില്‍ ഒരുമാറ്റവും വരാതെ സ്ട്രിക്ടായി തന്നെ ചെയ്യണം. അല്ലെങ്കില്‍ വിപരീതഫലമാകും ഉണ്ടാകുക. വ്യക്തികളുടെ ശാരീരികവും മാനസികവുമായ ഔന്നത്യമാണ് സംഘശാഖകളുടെ ഔട്ട്പുട്ട്. അതിന് യാതൊരു മാറ്റവും വരാതെ അതാത് സ്ഥലത്തെ കാര്യകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. സംഘടന എന്നത് സ്വന്തം കാര്യത്തിന് മറയായി കരുതുന്നവരെ മാറ്റി നിര്‍ത്തണം. എന്നുകരുതി ഒരാളുടെ ജീവിതമാര്‍ഗ്ഗത്തെ അനാവശ്യ സംഘടനാചിട്ടവട്ടങ്ങളില്‍ തളയ്‌ക്കണം എന്നല്ല ഉദ്ദേശിച്ചത്. ചിലര്‍ പരാതി പറയുന്നത് കണ്ടിട്ടുണ്ട് ആ പ്രവര്‍ത്തകന്‍ റിയലെസ്റ്റേറ്റുകാരനാണ്, ഈ പ്രവര്‍ത്തകന്‍ ചിട്ടിപിരിവുകാരനാണ് എന്നൊക്കെ. ഇതെല്ലാം വഴിവിട്ടല്ല ചെയ്യുന്നതെങ്കില്‍ എന്തുപ്രശ്നം? എവിടേയും ഓരോ ശാഖയും നിയന്ത്രിക്കുന്നത് അതാത് സ്ഥലത്തെ മുഖ്യശിക്ഷകനാവണം. തെറ്റും ശരിയും തീരുമാനിക്കേണ്ടത് അയാളിലൂടെയാവണം, അല്ലാതെ മേല്‍പ്പറഞ്ഞ തൊഴിലിന്റെ പ്രമാദിത്യം ഉള്ളയാള്‍ ആവരുത്. അങ്ങനെ ആദര്‍ശാനുസരണം നീങ്ങിയാല്‍ അവിടെ യാതൊരു മൂല്യച്യുതിയും ഉണ്ടാകുന്നില്ല. ദൈനംദിന ശാഖാകാര്യങ്ങളാണ് എന്തിന്റേയും എന്നത്തേയും പ്രാധാന്യമര്‍ഹിക്കുന്ന അടിസ്ഥാനവിഷയവും.

അതൊടൊപ്പം നാം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് മുന്‍പ്രവര്‍ത്തകര്‍ എന്ന ഗ്രൂപ്പിനെ. പഴയപ്രചാരകരും മുതിര്‍ന്ന അധികാരികളുമായിരുന്നവരും മുന്‍അനുഭാവികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ വലിയൊരു വിഭാഗം സംഘടനാപരമായി സജീവമല്ലാതേയോ ശത്രുതയോടേയോ ഇന്നു നില്‍ക്കുന്നുണ്ട്. വ്യക്തിപരമായ അഭിപ്രായഭിന്നതകള്‍ മൂര്‍ച്ഛിച്ചതാവും വലിയ അകല്‍ച്ചയായി ഇതില്‍ പലരുടേയും കാര്യത്തില്‍ പരിണമിച്ചത്, അല്ലാതെ ആദര്‍ശപരമായ സംഘര്‍ഷമാകില്ല. സംഘടനാപരമായി ഇത്തരം വീഴ്ചകള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ഇന്ന് ഒരു സ്ഥലത്ത് ആക്ടീവായിരിക്കുന്ന പ്രവര്‍ത്തകരുടെ ഇരട്ടിയുണ്ടാവാം ഇനാക്ടീവായ ആ വിഭാഗം എന്നത് നമ്മള്‍ ശ്രദ്ധിക്കാതെ പോയൊരു പരാജയമാണ്. അവരെ ഒപ്പം നിര്‍ത്തിയാല്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഏത് രീതിയില്‍ ശക്തിയാവും എന്നു ചിന്തിച്ചിട്ടുണ്ടോ?

ചിന്തനീയമായ ഒരു ചോദ്യത്തോടെ അയ്യപ്പൻ ചേട്ടൻ സംഭാഷണമവസാനിപ്പിച്ചു..

Tags: RSSChingoli ayyappanEmergency
ShareTweetSendShare

More News from this section

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

Latest News

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies