തിരുവനന്തപുരം: റിലീസിനൊരുങ്ങി ടൊവിനൊ തോമസ് ചിത്രം കള. ഈ മാസം 25ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
കളയിൽ നിരവധി വയലൻസ് രംഗങ്ങൾ ഉള്ളതുകൊണ്ടാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നാണ് സൂചന. 97 കാലഘട്ടത്തിലെ കഥപറയുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ടൊവിനോയ്‌ക്ക് പരിക്കേറ്റത് വലിയ വാർത്തയായിരുന്നു. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് വി.എസ് രോഹിത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കള.
ടൊവിനൊയ്‌ക്ക് പുറമെ, ലാൽ, ദിവ്യ പിള്ള, ആരിഷ്, മൂർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനുഷ്യനും പ്രകൃതിയുമാണ് ചിത്രത്തിന്റെ തീം. ജുവിസ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അഖിൽ ജോർജാണ്. ടൊവിനോയും രോഹിത്തും അഖിലും സഹനിർമ്മാതാക്കളാണ്.















