ന്യൂഡൽഹി: 2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട് തുടങ്ങിയ സിനിമകൾ അടക്കം 17 മലയാള ചിത്രങ്ങളാണ് അന്തിമ റൗണ്ടിൽ വരുന്നത്. കലാസംവിധാനം, സംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്കാരങ്ങൾക്കാണ് മരക്കാറിനെ പരിഗണിക്കുന്നത്.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ വാസന്തി, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, അനുരാജ് മനോഹറിന്റെ ഇഷ്ക്, ആഷിക് അബുവിന്റെ വൈറസ് തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്നുണ്ട്. മികച്ച നടനുള്ള പുരസ്കാരത്തിന് ഏറ്റവും കൂടുതൽ അംഗങ്ങൾ ശുപാർശ ചെയ്തത് തമിഴ് നടൻ പാർത്ഥിപന്റെ പേരാണ്. പാർത്ഥിപൻ രചനയും സംവിധാനവും നിർവ്വഹിച്ച ഒത്ത സെരുപ്പിന് അഞ്ച് നോമിനേഷനുകൾ ലഭിച്ചു.
തമിഴിൽ നിന്നും വെട്രിമാരൻ സംവിധാനം ചെയ്ത് ധനുഷും മഞ്ജു വാര്യരും അഭിനയിച്ച അസുരൻ, മധുമിതയുടെ കറുപ്പുദുരൈ എന്നിവയടക്കം 12 ചിത്രങ്ങളും മത്സരത്തിനുണ്ട്. അഞ്ച് മേഖലാ ജൂറികളാണ് ദേശീയ അവാർഡിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തുന്നത്. മലയാളത്തിൽ നിന്നുള്ള 65 ചിത്രങ്ങളുൾപ്പെടെ 109 ചിത്രങ്ങളാണ് തമിഴ്മലയാളം മേഖല ജൂറിക്ക് മുൻപിലെത്തിയത്.















