ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി പലവിധ വിശ്വാസങ്ങള്‍ നിറഞ്ഞ ആഭരണങ്ങള്‍ അണിയാറുണ്ട്. അത്തരത്തില്‍ ഒന്നാണ് പയ്യന്നൂര്‍ പവിത്രം. ദര്‍ഭപ്പുല്ല് കൊണ്ട് സ്വര്‍ണത്തിലോ വെള്ളിയിലോ പണിയുന്നതാണ് പവിത്ര മോതിരം. പുരുഷന്മാര്ക്ക് മോതിരമായും സ്ത്രീകള്‍ക്ക് വളയായുമാണ് ഇത് ഉണ്ടാക്കാറുള്ളത്. വലതു കൈയ്യിലാണ് ഇത് ധരിക്കേണ്ടത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ പവിത്ര മോതിരത്തെ കുറിച്ചുള്ള വിശ്വാസം. അതുകൊണ്ടു തന്നെ സുബ്രഹ്മണ്യ സ്വാമിയുടെ മുന്പില് പൂജിച്ചതിനു ശേഷം, അവിടെ വെച്ച് ഭഗവാന്റെ അനുഗ്രഹത്തോടെ മാത്രമേ പവിത്ര മോതിരം അണിയാവൂ.
ഇത് വിശ്വാസത്തോടും ഭക്തിയോടും അണിയുന്നവര്‍ക്ക് അഭിവൃദ്ധിയും അനുഗ്രഹങ്ങളും ഉണ്ടാകുന്നു. കൂടാതെ പൂജകള്‍, ഹോമങ്ങള്‍, പിതൃതര്‍പ്പണം എന്നിവ പവിത്ര മോതിരം ധരിച്ചു കൊണ്ട് ചെയ്യുകയാണെങ്കില്‍ സര്‍വ്വപാപങ്ങളും നശിച്ചു പോകുമെന്നാണ് വിശ്വാസം. പവിത്ര മോതിരം പണിയാനുള്ള അവകാശം പെരുന്തട്ടാന്റെ കുടുംബാംഗങ്ങള്‍ക്കാണ്. ടിപ്പുവിന്റെ പടയോട്ട കാലത്ത് തകര്‍ക്കപ്പെട്ട ഒരു ക്ഷേത്രമായിരുന്നു സുബ്രഹ്മണ്യ ക്ഷേത്രം. പിന്നീട് ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ നടത്തിയത് ബാലനായിരുന്ന തരണല്ലൂര്‍ തന്ത്രിയാണ്. അന്ന് ആ ക്ഷേത്രത്തില്‍ മുതിര്‍ന്ന തന്ത്രിമാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അതിനാലാണ് ബാലനായിരുന്ന തരണല്ലൂര്‍ തന്ത്രി പൂജയ്ക്കായി എത്തിയത്.
മൂന്നു നേരത്തെ പൂജയ്ക്ക് ദര്‍ഭ കൊണ്ടുള്ള പവിത്രക്കെട്ട് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടും അതു താഴെ വീണാല്‍ ഭൂമിദേവി ശപിക്കും എന്നുള്ളതു കൊണ്ടും ദര്‍ഭ കൊണ്ട് സ്വര്‍ണത്തില്‍ പവിത്ര മോതിരം ഉണ്ടാക്കാന്‍ ബാലനായിരുന്ന തരണല്ലൂര്‍ തന്ത്രി ആവശ്യപ്പെട്ടു. തന്ത്രിയില്‍ നിന്നും മോതിരത്തിന്റെ ഘടനയും സവിശേഷതകളും മനസ്സിലാക്കിയ ചൊവ്വാട്ടു വളപ്പില്‍ സി. വി. കെ പെരുന്തട്ടാനാണ് അന്നാദ്യമായി മോതിരം പണിതത്. ഇപ്പോഴും ഈ മോതിരം പണിയാനുള്ള അവകാശം ഈ കുടുംബത്തിനു തന്നെയാണ്. പരശുരാമന് ദാനം ചെയ്ത ഗ്രാമങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എന്നാണ് പറയപ്പെടുന്നത്.
Comments