തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കം നിരവധി ദേശീയ നേതാക്കളാണ് കേരളത്തിലെത്തുന്നത്. കേരളത്തിലെത്തുന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ധർമ്മടത്തും കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് പുതുപ്പള്ളിയിലും റോഡ് ഷോ നടത്തുന്നുണ്ട്.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും അടക്കമുള്ളവർ കേരളത്തിലേക്ക് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുകയാണ്. നാളെ വൈകിട്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും, ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും കേരളത്തിലെത്തും. മറ്റന്നാൾ രാജ്നാഥ് സിംഗ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയിലും, ജെ പി നദ്ദ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്തും റോഡ് ഷോ നടത്തുന്നുണ്ട്.
മറ്റന്നാൽ സ്മൃതി ഇറാനിയും വിവിധ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കും. 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടും, ഏപ്രിൽ 1ന് കോന്നിയിലും തിരുവനന്തപുരത്തും പ്രചരണത്തിനെത്തും. കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമൻ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്വി, ഷാനവാസ് ഹുസൈൻ തുടങ്ങിയവരും കേരളത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രചരണത്തിനെത്തും. ദേശീയ നേതാക്കൾ അടക്കം എത്തുന്നതോടെ ബിജെപി ക്യാമ്പ് കൂടുതൽ ആത്മവിശ്വാസത്തിലാണ്.
Comments