ഡൽഹിയിൽ പുതുതായി നിർമിച്ച പാർലമെൻ്റ് മന്ദിരത്തിന്റെ നിർമ്മാണ ചാരുതയെ വാനോളം പുകഴ്ത്തി ബോളിവുഡ് ഗായകനും സംവിധായകനും നിർമാതവുമായ ബാദ്ഷ. പാർലമെന്റ് മന്ദിരം സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം തോന്നുന്നതായി അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ” സത്യമേവ ജയതേ ” എന്ന് ആലേഖനം ചെയ്ത കൂറ്റൻ ഭിത്തിക്ക് മുന്നിൽ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
” വാസ്തുവിദ്യാ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന മന്ദിരം സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ കൃതജ്ഞതയും നന്ദിയും അറിയിക്കുന്നതായും അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ഭാരതത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമാണിത്, നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവിനെ ഇത് പ്രതിഫലിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ കരകൗശല വിദഗ്ധരുടെ അത്യുജ്ജ്വലമായ കരകൗശല നൈപുണ്യത്തിന്റെ പ്രദർശനമായ പാർലമെന്റ് മന്ദിരം കാണേണ്ട ഒരു കാഴ്ചയാണ്. ഇതാണ് പുതിയ ഇന്ത്യ! ജയ് ഹിന്ദ്,” ബാദ്ഷാ പറഞ്ഞു.
ഇതിന് മുമ്പ്, കങ്കണ റണാവത്ത്, ഇഷാ ഗുപ്ത, ഭൂമി പെഡ്നേക്കർ, ദിവ്യ ദത്ത, തമന്ന ഭാട്ടിയ എന്നിവരും പുതുതായി നിർമിച്ച പാർലമെൻ്റ് മന്ദിരം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവെച്ചിരുന്നു.