യുവതാരനിരയില്‍ എടുത്തു പറയാവുന്ന ഒരു താരമാണ് കാളിദാസ് ജയറാം. മലയാളത്തില്‍ മാത്രമല്ല തമിഴിലും തന്റെ കഴിവ് തെളിയിച്ച താരം ശ്രദ്ധേയനായ നായകനാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര വേദിയിലെത്തിയ ബാലതാരമാണ് കാളിദാസന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ആളുകളുടെ മനസ്സില്‍ ഈ കൊച്ചു താരം ഇടം നേടിയിരുന്നു. മലയാളികളുടെ പ്രിയ താരദമ്പതികളായ ജയറാം – പാര്‍വതി എന്നിവരുടെ മകനാണ് കാളിദാസ്. അച്ഛന്റെ ഒപ്പമാണ് കാളിദാസ് ആദ്യ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്.
കൊച്ചു കൊച്ചു സന്തോഷം എന്ന ചിത്രത്തില്‍ കാളിദാസിന്റെ അമ്മയായ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലക്ഷ്മി ഗോപാലസ്വാമിയായിരുന്നു. ചിത്രം റിലീസ് ചെയ്ത ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും അമ്മയും മകനും കണ്ടു മുട്ടിയിരിക്കുന്നു. പുതിയ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും കണ്ടു മുട്ടിയത്. കാളിദാസനൊപ്പമുള്ള ചിത്രം ലക്ഷ്മി ഗോപാലസ്വാമിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
‘ഞങ്ങളുടെ ഏറ്റവും പ്രസിദ്ധമായ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ഞങ്ങളുടെ മകനായി അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട കാളിദാസിനെ അതെ സ്‌നേഹത്തോടും വാത്സല്യത്തോടും കൂടി 21 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. കാളിദാസിന്റെ ശോഭയുള്ള കരിയറിനായുള്ള പ്രാര്‍ത്ഥനകളും ആശംസകളും’ എന്ന കുറിപ്പോടെയാണ് ലക്ഷ്മി ചിത്രം പങ്കുവെച്ചത്. വിനില്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. വിന്‍സെന്റ് വടക്കനാണ് നവരസ ഫിലിംസ് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാളിദാസ് ജയറാം, നമിത പ്രമോദ്, സൈജു കുറുപ്പ്, റീബ മോണിക്ക ജോണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.















