കൊച്ചി: മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ബറോസിന്റെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് മോഹൻലാൽ. ക്യാമറയ്‌ക്ക് പിന്നിൽ നിന്ന് നിർദ്ദേശങ്ങൾ നൽകുന്ന ലാലേട്ടനെയാണ് വീഡിയോയിൽ കാണാനാകുക.
അഭിനേതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകിയും, മോണിറ്റർ നോക്കിയും ആക്ഷനും കട്ടും പറയുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം. സിനിമയുടെ ആദ്യദിന ചിത്രീകരണത്തിൽ നിന്നുള്ള ചില ലൊക്കേഷൻ സ്റ്റിലുകൾ താരം പങ്കുവച്ചിരുന്നു. അതേദിനത്തിലെ ഒരു ലൊക്കേഷൻ വീഡിയോയാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/ActorMohanlal/posts/300360424790563
2019ൽ പ്രഖ്യാപിച്ച ബറോസ് മോഹൻലാലിന്റെ സ്വപ്‌ന പ്രൊജക്ടാണ്. മാർച്ച് 24നാണ് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് ബറോസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
കൊച്ചിയും ഗോവയുമാണ് പ്രധാന ലൊക്കേഷനുകൾ. പോർച്ചുഗീസ് പശ്ചാത്തലത്തിലുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. 400 വർഷങ്ങളായി നിധിക്ക് കാവലിരുന്ന ബറോസ് യഥാർത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.















