തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ കൂടുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. എല്ലാ ജില്ലകളിലും രോഗവ്യാപനം കൂടുകയാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് രോഗബാധ വർദ്ധിച്ചതെന്നും ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. രോഗത്തിന്റെ വ്യാപനം നോക്കി പ്രദേശിക ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരും. എന്നാൽ സമ്പൂർണ ലോക്ഡൗൺ ആലോചനയിൽ ഇല്ലെന്നും മന്ത്രി പ്രതികരിച്ചു.
കൊറോണ പ്രതിരോധത്തിനു വാർഡ് തല സമിതികൾ ശക്തമാക്കും. സംസ്ഥാനത്ത് വാക്‌സിനേഷൻ വർദ്ധിപ്പിക്കാനുള്ള ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. നിലവിൽ രണ്ട് ദിവസത്തേക്കുള്ള വാക്‌സിൻ മാത്രമേ ഉള്ളൂ. കേന്ദ്രത്തോട് കൂടുതൽ വാക്‌സിൻ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.
മുറിയോട് ചേർന്ന് ശുചിമുറിയും കുളിക്കാനുള്ള സൗകര്യവും ഉണ്ടെങ്കിൽ മാത്രമേ പോസിറ്റീവായവരെ വീട്ടിൽ ചികിത്സിക്കാൻ അനുവദിക്കുകയുള്ളൂ. അക്കാര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ആളുകൾ കൂടുന്ന ആഘോഷം ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കൂട്ടം ചേർന്ന് വിഷു ആഘോഷിക്കുന്നത് ഒഴിവാക്കണം. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.















