കൊച്ചി : ഒടിടിയിൽ റിലീസ് ആകുന്ന സിനിമകളിൽ അഭിനയിച്ചാൽ ഫഹദ് ഫാസിലിനെ വിലക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സിനിമാ തിയേറ്റർ സംഘടനയായ ഫിയോക്ക്. ഫഹദിന്റെ രണ്ട് ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തത് സംബന്ധിച്ച് വിശദീകരണം അറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ചത് എന്ന് ഫിയോക് വ്യക്തമാക്കി.
അടുത്തിടെ ഫഹദ് ഫാസിലിന്റെ രണ്ട് ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വിശദീകരണം അറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ചത്. രണ്ട് ചിത്രങ്ങളും ലോക്ഡൗൺ സമയത്ത് ഒടിടിയ്ക്ക് വേണ്ടി മാത്രം ഷൂട്ട് ചെയ്തതാണെന്ന് ഫഹദ് അറിയിച്ചതായും ഫിയോക് അംഗങ്ങൾ വ്യക്തമാക്കി.
ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തീയേറ്ററിൽ എത്തിക്കുന്നത് വിലക്കുമെന്ന് ഫിയോക്ക് അറിയിച്ചതായാണ് നേരത്തെ വാർത്തകൾ വന്നിരുന്നത്. മഹേഷ് നാരായൺ സംവിധാനം ചെയ്ത സീ യൂ സൂൺ, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുൾ, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്നിവയായിരുന്നു ഒടിടിയിൽ റിലീസ് ചെയ്ത ഫഹദ് ചിത്രങ്ങൾ.
Comments