കൊച്ചി: മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ടീസർ പുറത്ത്. ആരാധകർക്ക് വിഷു സമ്മാനമായി മോഹൻലാൽ തന്നെയാണ് ടീസർ പുറത്തുവിട്ടത്. താരത്തിന്റെ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് ടീസർ. കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മികച്ച ആക്ഷൻ രംഗങ്ങളും ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
വില്ലൻ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും ബി ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. ഒരു പ്രത്യേക ചുമതല നിർവ്വഹിക്കുന്നതിനായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ഗോപൻ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
18 കോടി ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായിക. നെടുമുടി വേണു, സായി കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. പാലക്കാടും ഹൈദരാബാദും ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രം ഓഗസ്റ്റിൽ പ്രദർശനത്തിന് എത്തിയേക്കുമെന്നാണ് സൂചന.
Comments