ടോക്കിയോ: ആഗോളതലത്തിൽ കൊറോണയുടെ രണ്ടാം ഘട്ടം വ്യാപിക്കുന്നതിൽ ആശങ്കയുമായി ജപ്പാൻ ഭരണകക്ഷി. ജൂലൈ മാസത്തിൽ ആരംഭിക്കാനിരിക്കുന്ന ഒളിമ്പിക്സ് തന്നെ റദ്ദാക്കണമെന്ന വിഷയത്തിലാണ് ചർച്ച നടക്കുന്നത്.
കൊറോണ വ്യാപനം വീണ്ടും രൂക്ഷമാവുകയും ആഗോളതലത്തിൽ യാത്രകളും കൂട്ടായ്മകളും ഇല്ലാതായാൽ ഒളിമ്പിക്സ് നടത്തുന്നതിൽ അർത്ഥമില്ലെന്നാണ് ജപ്പാനിലെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ജനറൽ സെക്രട്ടറി തോഷിഹിറോ നികായ് പറയുന്നത്. പ്രധാനമന്ത്രി യോഷിഹിതേ സുഗയുടെ പാർട്ടിയിലെ നേതാക്കളിൽ ഏറെ സ്വാധീനമുള്ള രണ്ടാമനാണ് നികായ്.
ആദ്യം 2020 ജൂലൈ മാസത്തിൽ തീരുമാനിച്ച ലോകകായിക മാമാങ്കമാണ് ഒരു വർഷം മാറ്റിവെച്ച് ഈ വർഷം നടക്കാനിരിക്കുന്നത്. എല്ലാ കായിക ഇനങ്ങളുടേയും യോഗ്യതാ മത്സരങ്ങളും ഈ ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കാനുമാണ് തീരുമാനം. 2021-ജൂലൈ മുതൽ ആഗസ്റ്റ് വരെയാണ് ഒളിമ്പിക്സ് നടക്കേണ്ടത്.
ഒളിമ്പിക്സിന്റെ വരവറിയിച്ച് ദീപശിഖാപ്രയാണവും പുന:രാരംഭിച്ചു കഴിഞ്ഞു. ജപ്പാനിൽ രണ്ടാം ഘട്ടത്തിലടക്കം 5,16,000 പേർക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. 9400 പേരാണ് മരണപ്പെട്ടത്. ലോകത്താകമാനം 13 കോടിയിലധികം പേർക്കാണ് കൊറോണ വന്നത്.29 ലക്ഷം പേർ മരിച്ചു.
Comments