തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടപ്പിൽ കോൺഗ്രസിനേറ്റ തോൽവി നേതൃത്വം ചർച്ച ചെയ്യുമെന്ന് കെ. സുധാകരൻ. തിരക്കിട്ട് നേതൃമാറ്റം വേണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും വളരെ ആലോചിച്ച് ബുദ്ധിപൂർവ്വം തീരുമാനമെടുക്കണമെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന നേതൃത്വം പരാജയം ചർച്ച ചെയ്യാൻ യോഗം ചേരുന്നുണ്ട്. അടിയന്തിര സാഹചര്യമൊന്നും തന്നെ മുന്നണിയിലില്ലെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള പാർട്ടി നടപടികളെ കുറിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തോൽവിയ്ക്ക് പിന്നാലെ കെപിസിസി അദ്ധ്യക്ഷസ്ഥാനം മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴിയണമെന്നാവശ്യം മുന്നണിയിൽ തന്നെ ഉയർന്നിരിക്കുകയാണ്. പല നേതാക്കളും നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. വിഷയത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും ഉൾക്കൊള്ളണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മുല്ലപ്പള്ളിക്ക് പകരക്കാരനായി കെ.സുധാകരന്റെ പേര് സജീവമായി ചർച്ചയാകുമ്പോഴാണ് അഭിപ്രായമെന്നതും ശ്രദ്ധേയമാണ്.
Comments