ന്യൂഡല്‍ഹി: ന്യൂസിലാന്റിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുമുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ബി.സി.സി.ഐയുടെ നിര്‍ദ്ദശത്തില്‍ താരങ്ങളുടെ ഇന്ത്യയിലെ സുരക്ഷാ ബബിള്‍ സംവിധാനവും ഇംഗ്ലണ്ടിലെ ക്വാറന്റൈന് നിയന്ത്രണങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.പുറപ്പെടും മുമ്പ് എട്ടു ദിവസം താരങ്ങള്‍ ഇന്ത്യയില്‍ സുരക്ഷാ ബബിളില്‍ കയറണം. തുടര്‍ന്ന് ഇംഗ്ലണ്ടിലെത്തിയാല്‍ 10 ദിവസം ഹോട്ടലുകളില്‍ ക്വാറന്റൈനിലും തുടര്‍ന്ന ശേഷമാണ് പരിശീലനം ആരംഭിക്കാനാവുക.
ജൂണ്‍ 18നാണ് ന്യൂസിലാന്റിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്മാരെ തീരുമാനിക്കാനുള്ള ഫൈനല്‍ നടക്കാനിരിക്കുന്നത്. ആഗസ്റ്റ് 4 മുതല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയും ആരംഭിക്കും.
20 അംഗ ടീമിനെയാണ് വിരാട് കോഹ് ലിയുടെ നേതൃത്വത്തില്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാന(വൈസ് ക്യാപ്റ്റന്‍), ഹനുമാവിഹാരി, ഋഷഭ് പന്ത്, ആര്.അശ്വിന്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബൂമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദ്ദൂല്‍ ഠാക്കൂര്‍, കെ.എല്‍.രാഹുല്‍, വൃദ്ധിമാന്‍ സാഹ എന്നിവരാണ് പ്രധാനമായും ടീമിലിടം നേടിയവര്‍.
ഇവര്‍ക്കൊപ്പം നാല് സ്റ്റാന്റ് ബൈ താരങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിമന്യൂ ഈശ്വരന്, പേസ് ബൗളര്‍മാരായ പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്, അര്‍സാന്‍ നാഗ്വാസ് വാല എന്നിവരാണ് പ്രത്യേകം ടീമിനൊപ്പമുള്ളത്. പരിക്കുകളെ ഭയന്നാണ് മൂന്ന് പേസ് ബൗളര്‍മാരെക്കൂടി ഉള്‍പ്പെടുത്തിയതെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
കഴിഞ്ഞ ടെസ്റ്റ് പരമ്പരകളില്‍ ഇല്ലാതിരുന്ന രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹനുമാ വിഹാരി എന്നിവരാണ് തിരികെ എത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. കെ.എല്‍.രാഹുലിനേയും കുല്‍ദീപ് യാദവിനേയും ഉള്‍പ്പെടുത്തിയെങ്കിലും ശാരീരിക ക്ഷമത തെളിയിക്കേണ്ടി വരും. വിദേശപര്യടനത്തിനായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ താരങ്ങളും മെയ് 25ന് സുരക്ഷാ ബബിളില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദ്ദേശം.
Comments