തിരുവനന്തപുരം: കൊറോണയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തും ഓക്സിജൻ ക്ഷാമം. ഓക്സിജൻ കുറവായതിനാൽ ആർസിസിയിലെ എട്ട് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. ഇന്ന് നടത്താനിരുന്ന ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്.
അടിയന്തിര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ഓക്സിജൻ ലഭ്യത കുറഞ്ഞതിനാൽ രണ്ട് ദിവസമായി ആശുപത്രിയിൽ ശസ്ത്രക്രിയകൾ കുറച്ചിരുന്നു. ഓക്സിജൻ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ആർസിസിയ്ക്ക് പുറമെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും ഓക്സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊറോണയുടെ രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന് അടുത്ത് എത്തിയതോടെയാണ് ഓക്സിജൻ ക്ഷാമം തുടങ്ങിയത്. ഓക്സിജൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചിരുന്നു. ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക്ക് ടൺ ആദ്യ ഗഡുവായും അടുത്ത ഗഡുവായി 500 ടൺ കൂടി കേരളത്തിന് അനുവദിക്കണമെന്നുമാണ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments