ചിതല്‍പ്പുറ്റുകള്‍ കാണാത്തവരായി ആരുമില്ല… മണിക്കൂറുകള്‍ക്കകം തങ്ങളുടെ വാസസ്ഥലമായ മണ്‍പുറ്റുകള്‍ നിര്‍മിക്കാന്‍ മിടുക്കന്മാരാണ് ചിതലുകള്‍. അവയുടെ വലുപ്പം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ ബ്രസീലിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ കാണപ്പെടുന്നത് മൂന്നു മീറ്റര്‍ വലുപ്പമുള്ള 20 കോടി ചിതല്‍പ്പുറ്റുകളാണ്.
നാലായിരം വര്‍ഷങ്ങളായി അവ നിര്‍മിക്കുന്ന പുറ്റുകളുടെ വലുപ്പം നമ്മള് ഊഹിക്കുന്നതിലും അപ്പുറമാണ്. കാലപ്പഴക്കം കണക്കിലെടുത്താല്‍ മനുഷ്യര്‍ ഗിസാ പിരമിഡ് നിര്‍മിക്കുന്ന സമയത്താണ് ചിതലുകള്‍ ബ്രസീലിലെ ഈ പുറ്റുകള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. സിന്റര്‍ മെസ് ഡിറസ് എന്ന വിഭാഗത്തില്‍ പെട്ട ചിതലുകളുടേതാണ് ഈ വമ്പന്‍ മണ് പുറ്റുകള്‍. കൂട്ടത്തോടെ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവ ഉപഗ്രഹ ദൃശ്യങ്ങളില്‍ പോലും വ്യക്തമാണ്.
ഈ ചിതല്‍പ്പുറ്റുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയുടെ വലുപ്പം ഏതാണ്ട് ഇംഗ്ലണ്ടിന്റെ ആകെ വിസ്തൃതിക്കു തുല്യമാണ്. നാല് മീറ്റര്‍ വരെ ഉയരവും ഒന് പത് മീറ്റര്‍ വരെ വീതിയുമാണ് ഈ കൂട്ടത്തിലെ ശരാശരി ചിതല്പ്പുറ്റിനുള്ളത്. ചിതല്പ്പുറ്റുകളിലെ മണ്ണിന്റെ ആകെ അളവും വിസ്തൃതിയും കണക്കാക്കിയാല്‍ ഗാസയിലെ പിരമിഡ് പോലെ നാലായിരം പിരമിഡുകള്‍ നിര്‍മിക്കാനാകുമെന്ന് യുകെയിലെ സ്റ്റാല്ഫോര്ഡ് സര്‍വകലാശാല ഗവേഷകര്‍ പറയുന്നു.
വാസസ്ഥലങ്ങള്ക്കിടയിലുള്ള സഞ്ചാരത്തിനായി ചിതലുകള്‍ നിര്‍മിച്ച തുരങ്കത്തിന്റെ ഭാഗമായാണ് മണ്‍കൂനകള്‍ രൂപപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. കൂടുകള്‍ക്കിടയില്‍ മാത്രമല്ല ഈ തുരങ്കങ്ങളുള്ളത്. സമീപത്തെ ഇല പൊഴിയുന്ന കാടുകളിലേക്കും മണ്ണിനടിയൂടെ സഞ്ചരിക്കാന്‍ ഇവ തുരങ്കം നിര്‍മിച്ചിട്ടുണ്ട്.
ഈ ഇലകളാണ് ചിതലുകളുടെ പ്രധാന ആഹാരങ്ങളിലൊന്ന്. ഇല പൊഴിയുന്ന കാലത്ത് മാത്രമാകും കാട്ടിലേക്കുള്ള തുരങ്കങ്ങള്‍ തുറക്കുക. മറ്റു സമയങ്ങളില്‍ ഈ തുരങ്കങ്ങള്‍ ചിതലുകള്‍ അടയ്ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സമീപകാലം വരെ പുറം ലോകത്തിനറിയാതെ മറഞ്ഞു കിടക്കുകയായിരുന്നു ഈ ചിതല്‍പ്പുറ്റുകള്‍. പത്തു വര്‍ഷത്തിനു മുന്‍പ് പ്രദേശവാസികള്‍ കാട് വെട്ടിത്തെളിച്ചപ്പോഴാണ് ഇത് പുറത്തു വന്നത്. മുന്നൂറ് വര്‍ഷം പഴക്കമുള്ളതു മുതല്‍ 4000 വര്‍ഷം പഴക്കമുള്ള ചിതല്‍പ്പുറ്റുകള്‍ വരെ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. എല്ലാ ചിതല്‍പ്പുറ്റുകളുടെയും പഠനം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നതിനാല്‍ ഇതിലും കാലപ്പഴക്കമുള്ള ചിതല്‍പ്പുറ്റുകള്‍ പ്രദേശത്തുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാറിയിട്ടില്ല.
Comments