വിപ്ലവ നക്ഷത്രം കെ ആര് ഗൗരിയമ്മയുടെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് രാഷ്ട്രീയ രംഗത്തെ തറവാട്ടമ്മയെ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ അക്കാലത്ത് സമൂഹം സ്ത്രീകള്‍ക്കായി വരച്ചിട്ട ലക്ഷ്മണ രേഖ കടന്ന് പൊതു രംഗത്ത് പുതിയ ചരിത്രങ്ങള്‍ അടയാളപ്പെടുത്തി. നൂറുവയസ് പിന്നിട്ടിട്ടും കൈവിടാത്ത പോരാട്ടവീര്യം കൂടിയാണ് ഗൗരിയമ്മയുടെ വേര്‍പാടിലൂടെ അണഞ്ഞത്.
1919 ജൂലൈ 14 ന് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് കളത്തില്‍ പറമ്പില്‍ കെ എന്‍ രാമന്റെയും പാര്‍വ്വതിയുടെയും മകളായി ജനനം. ആലപ്പുഴ ജില്ലയിലെ തുറവൂര്‍ തിരുമല ദേവസ്വം സ്ക്കൂളിലും, ചേര്‍ത്തല ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായിരുന്നു ഗൗരിയമ്മയുടെ പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍ ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദ പഠനവും പൂര്‍ത്തിയാക്കിയ ഗൗരിയമ്മ തിരുവനന്തപുരം ലോ കോളേജില്‍ നിന്നും നിയമബിരുദവും നേടി.
ഈഴവ സമുദായത്തില്‍ നിന്ന് ആദ്യമായി അഭിഭാഷക ബിരുദം നേടിയ വനിതയായിരുന്നു ഗൗരിയമ്മ. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തിനൊപ്പം ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസും ആരംഭിച്ചു. പി. കൃഷ്ണപിള്ളയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. സിപി രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരായി ചേര്‍ത്തല- അമ്പലപ്പുഴ താലൂക്കുകളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധവും പുന്നപ്ര-വയലാര്‍ സമരവും ഗൗരിയമ്മയെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയാക്കി. 1948ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
തുടര്‍ന്ന് 1952ലും 54ലും തിരു-കൊച്ചി നിയമസഭയിലേക്ക് മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഗൗരിയമ്മ കേരളത്തിലെ ആദ്യത്തെ റവന്യൂ മന്ത്രിയായി. മന്ത്രിസഭയില്‍ അംഗമായിരുന്ന ടിവി തോമസിനെ വിവാഹം ചെയ്തു. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പമായിരുന്നു ഗൗരിയമ്മ. സിപിഐയില്‍ തുടര്‍ന്ന ടി വി തോമസുമായി അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതോടെ ഇരുവരും പിരിഞ്ഞു.
1993 ഡിസംബര്‍ 31 ന് ഗൗരിയമ്മ സിപിഎമ്മില്‍നിന്നു പുറത്തായി. തുടര്‍ന്ന് ജെഎസ്എസ് രൂപീകരിച്ചു. യുഡിഎഫില്‍ നിന്ന് രണ്ട് തവണ മന്ത്രിയായ ഗൗരിയമ്മ 2016-ല്‍ യുഡിഎഫുമായി ഇടഞ്ഞ് മുന്നണി വിട്ടു. 1957, 67, 80, 87 കളില്‍ ഇടതുപക്ഷമന്ത്രിസഭകളിലും 2001-2006 കാലത്ത് എകെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു.
Comments