കൊറോണ വ്യാപനത്തിൽ സമൂഹം ആശങ്കയോടെ കഴിയുമ്പോൾ പ്രതീക്ഷയും ആത്മവിശ്വാസവും പകരുകയാണ് ‘പുലരും പുതിയ മാനം’ എന്ന സംഗീത ആൽബം.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർ,പോലീസ് ഉദ്യോഗസ്ഥർ,മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്ക് ആദരം കൂടിയാണ് പ്രശസ്‍ത ഛായാഗ്രാഹകൻ വിഷ്‍ണു നാരായണൻ രചന നിർവ്വഹിച്ച ഗാനം.
ആശ്വാസം അരികെ എന്ന തോന്നലിൽ നിന്ന് ആശങ്കയിലേക്ക് വഴിമാറിയപ്പോൾ മനസിനെ തലോടുന്നതെന്തും നമുക്ക് അനുഗ്രഹം തന്നെയാണ്.ചുറ്റും ഭയപ്പെടുത്തുന്ന കാഴ്ചകളും വാർത്തകളും കണ്ണിനേയും കാതിനേയും അലോസരപ്പെടുത്തുമ്പോൾ ഈ ഗാനം നൽകുന്ന ആശ്വാസം വലിയതാണ് ചലച്ചിത്ര പിന്നണി ഗായകരായ അഖില ആനന്ദ്, വിജേഷ് ഗോപാൽ,ഡോ രശ്‍മി മധു,സോണിയ അമോദ്, മോഹൻ കൊല്ലം,ജിത്തു രാമചന്ദ്രൻ, സജിൻ ജയരാജ്, ശ്രീദേവി രാമചന്ദ്രൻ,നിഷ, എബിൻ, സ്‍റ്റീവാ എബിൻ എന്നീ പതിനൊന്ന് ഗായകരാണ് പുതിയ പുലരിയുടെ മധുര ശബ്ദമായത്.വെള്ളിമൂങ്ങ, ആട്,പുണ്യാളൻ,പ്രേതം തുടങ്ങി നിരവധി സൂപ്പർ ഹിറ്‍റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച വിഷ്‍ണു നാരായണനാണ് തൂലിക കൊണ്ടും ചാരുത പകർന്നത്. അജിത് എം കുറുപ്പിന്‍റേതാണ് ഈണം. വിഷ്ണു ശിവൻ ഓർക്കസ്‍ട്രേഷനും വിനീത് പണിക്കർ എഡിറ്‍റിംഗും നിർവ്വഹിച്ചു.
ചലച്ചിത്ര താരങ്ങളായ ആസിഫലി, അജു വർഗീസ് സംവിധായകൻ ജിബു ജേക്കബ് എന്നിവർ തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ച ആൽബം ഇതിനകം സമൂഹ മാധ്യമങ്ങൾ ഏറ്‍റെടുത്തുകഴിഞ്ഞു.ലോകമൊന്നാകെ കാത്തിരിക്കുകയാണ്ആശങ്കയുടെ നാളുകൾ മാറി പ്രതീക്ഷയുടെ നാളേക്കായി. ഭയമല്ല കരുതലും ആത്മവിശ്വാസവും തന്നെയാണ് അതിജീവനത്തിനായി വേണ്ടത്.അതുകൊണ്ട് തന്നെ ഗാനം പോലെ കാഴ്ച പോലെ കാത്തിരിക്കാം പുതിയ പുലരിക്കായി.















