ന്യൂഡൽഹി: ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതി രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയെന്ന് കേന്ദ്രസർക്കാർ. അന്യഭാഷാ തൊഴിലാളികളടക്കമുള്ളവർക്ക് ഗുണകരമാകുന്ന പദ്ധതിയാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയെ സംബന്ധിച്ച് കേന്ദ്രസർക്കാർ വിശദീകരണം നൽകിയത്.
ഒരു പൗരൻ ഏതു സംസ്ഥാനത്ത് പോയാലും സ്വന്തം റേഷൻ കാർഡുപയോഗിച്ച് ന്യായവില സ്ഥാപനങ്ങളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ സാധിക്കുമെന്നതാണ് സുപ്രധാന നേട്ടമായി സർക്കാർ പറയുന്നത്. എല്ലായിടത്തും വിരലടയാളം പതിച്ച് തന്നെ കാർഡുടമയെ തിരിച്ചറിയാനും രേഖപ്പെടുത്താനുമാകും.ഇന്ത്യയിലെല്ലായിടത്തും ഒരേ സർവ്വറിൽ നിന്നും വിവരം കൈമാറപ്പെടുമെന്നും കേന്ദ്രസർക്കാർ അറയിച്ചു.
കൊറോണക്കാലത്ത് സ്വന്തം സംസ്ഥാനം വിട്ട് ജോലിചെയ്യേണ്ടി വരുന്നവർക്കും ജോലി ഇല്ലാത്തവർക്കും ഭക്ഷ്യധാന്യം ഉറപ്പുവരുത്താൻ ചെയ്യുന്ന സംവിധാനങ്ങളെപ്പറ്റിയാണ് സുപ്രീം കോടതി ചോദിച്ചത്. ആകെ 69 കോടി ദരിദ്രരേഖയ്‌ക്ക് താഴെയുള്ളവരുടെ ഭക്ഷധാന്യ ലഭ്യതയാണ് കേന്ദ്രസർക്കാർ ഉറപ്പുനൽകുന്നത്.















