വാഷിംഗ്ടൺ: ബഹിരാകാശ യാത്രികരുടെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതാണ്. വളരെ വ്യത്യസ്തമായ ജീവിതമാണ് ഇവർ നയിക്കുന്നത്. ദിവസങ്ങളും മാസങ്ങളും അവിടെക്കഴിയേണ്ടിവരുന്ന ബഹിരാകാശ യാത്രികരുടെ ജീവിത രീതിയും ഇതിന് അനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്. ഗുരുത്വാകർഷണത്തിന്റെ അഭാവം കാരണം ഭക്ഷണം കഴിക്കുന്നതുമുതൽ ഉറങ്ങുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും പ്രത്യേക രീതിയിലാണ് നിർവ്വഹിക്കുന്നത്. ഇവയിലൊന്നാണ് അവരുടെ തുണി അലക്കലും…
വസ്ത്രങ്ങൾ കഴുകുന്നതിന് വെള്ളം ഏറ്റവും പ്രധാനപ്പെട്ടതും ബഹിരാകാശ നിലയങ്ങളിൽ ഇത് വളരെ പരിമിതമായ അളവിൽ മാത്രം ലഭ്യമാകുന്നതുമായ ഒന്നുമാണ്. അതിനാൽ തന്നെ വൃത്തിഹീനമാകുന്ന വസ്ത്രങ്ങൾ അവിടെ ഉപേക്ഷിക്കാറാണ് പതിവ്. ബഹിരാകാശ യാത്രികരുടെ ഒരു പ്രാധാന പ്രശ്നങ്ങളിൽ ഒന്നും ഇതുതന്നെയാണ്. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് നാസ.
ബഹിരാകാശത്ത് വസ്ത്രങ്ങൾ വൃത്തിയാക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ സോപ്പ് നിർമ്മിക്കാനൊരുങ്ങുകയാണ് നാസ. ഇതിനായി സോപ്പ് നിർമ്മാണ കമ്പനിയായ ടൈഡ് നാസയുമായി കൈകോർത്തു. അടുത്ത വർഷം പരീക്ഷണത്തിനായി ബഹിരാകാശ ഏജൻസി ടൈഡിന്റെ സോപ്പ് ബഹിരാകാശത്തേയ്ക്ക് അയക്കും. സോപ്പിന്റെ മൈക്രോ ഗുരുത്വാകർഷണവും വികിരണവും പരിശോധിക്കുകയും ഫലം വിലയിരുത്തുകയും ചെയ്യുമെന്ന് നാസയിലെ വിദഗ്ധർ അറിയിച്ചു.
സാധാരണ ഗതിയിൽ ഓരോ വർഷവും 73 കിലോ തുണിയാണ് ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. ഇതിന് ചെലവ് വളരെ കൂടുതലാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നാസയുടെ മിഷൻ സോപ്പ് യാഥാർത്ഥ്യമായാൽ വലിയൊരു പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. പരീക്ഷണം വിജയിച്ചാൽ ചാന്ദ്രയാൻ അടക്കമുള്ള ദൗത്യങ്ങളിൽ ഏർപ്പെടുന്ന ബഹിരാകാശ യാത്രികർക്കൊപ്പം അയക്കുന്ന അവശ്യ വസ്തുക്കളിൽ ടൈഡിന്റെ സോപ്പും ഉണ്ടാകും. വലിയ പ്രതീക്ഷയാണ് പുതിയ പരീക്ഷണം നൽകുന്നതെന്ന് ടൈഡും പ്രതികരിച്ചു.
Comments