മ്യൂണിച്ച്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിന്റെ മികവിൽ ഫ്രാൻസിനെ സമനിലയിൽ തളച്ച് പോർച്ചുഗൽ. ജയം ലക്ഷ്യമിട്ട് ഇരുടീമുകളും ഇറങ്ങിയപ്പോൾ ആവേശകരമായ മത്സരമായിരുന്നു പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മില്‍ നടന്നത്.
നിര്‍ണായകമായ മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റിയില്‍ പോർച്ചുഗൽ ലീഡെടുത്തു. ആദ്യ പകുതിയുടെ അധിക സമയത്ത് കരീം ബെന്‍സേമയിലൂടെ ഫ്രാന്‍സ് സമനില പിടിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെ ബെന്‍സേമ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ഇതോടെ പോര്‍ച്ചുഗല്‍ പ്രീക്വാർട്ടർ കാണാതെ പുറത്താവുമെന്ന് കരുതിയെങ്കിലും 60-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ പോർച്ചുഗീസ് പടയുടെ രക്ഷകനാവുകയായിരുന്നു.
തന്റെ കരിയറിലെ 109-ാം അന്താരാഷ്‌ട്ര ഗോളായിരുന്നു ക്രിസ്റ്റ്യാനോയുടെ കാലിൽ നിന്ന് പിറന്നത്. ഇതോടെ ലോകഫുട്ബോളിലെ എക്കാലത്തെയും ഉയര്‍ന്ന ഗോൾ സ്കോറർമാരുടെ പട്ടികയില്‍ അലി ദെയിക്കൊപ്പം എത്താനും ക്രിസ്റ്റ്യാനോയ്‌ക്ക് സാധിച്ചു. ഒരു ഗോള്‍ കൂടി നേടിയാല്‍ താരം ഏറ്റവും മുന്നിലെത്തും.















