ബെയ്ജിംഗ്: നിർത്താതെ സവാരി തുടരുന്ന ചൈനയിലെ കാട്ടാനാക്കൂട്ടം തെക്കുഭാഗത്തേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. അടുത്തിടെയൊന്നും കാട്ടാനക്കൂട്ടങ്ങൾ യാത്ര നിർത്തില്ലെന്നാണ് ചൈനീസ് അധികൃതരുടെ നിഗമനം. ആനകളുടെ ലക്ഷ്യം എന്തെന്ന് മനസ്സിലാകാത്തതാണ് അധികൃതരെ കുഴക്കുന്നത്. യുനാൻ പ്രവിശ്യയിലെ സിഷ്വാങ് ബെന്ന ദായ് ദേശീയ ഉദ്യാനത്തിൽ നിന്നാണ് ആനക്കൂട്ടം ഒരു കൊല്ലം മുമ്പ് പുറപ്പെട്ടത്. നിലവിൽ ഇഷാൻ കൗണ്ടി പ്രദേശത്താണ് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്.
ആകെ 14 ആനകളാണ് സംഘത്തിലുള്ളത്. ഇതിൽ കുട്ടിയാനകളുമുള്ളത് ജനങ്ങളെ വലിയ തോതിൽ ആകർഷിക്കുന്നുമുണ്ട്. നാലു ദിവസമായി തെക്കൻ ദിശയിലേക്കാണ് യാത്ര നടക്കുന്നത്. ഇതിനിടെ ഇവർക്കിടയിൽ നിന്നും പിന്മാറിയ ഒറ്റയാൻ കുൻമിങ്ങിലെ ജിന്നിംഗ് ജില്ലയിൽ നിന്നും 33 കിലോമീറ്റർ മാറി യാത്ര തുടരുകയാണെന്നാണ് റിപ്പോർട്ട്. 1980ലെ കണക്കനുസരിച്ച് 193 എണ്ണമുണ്ടായിരുന്ന ഏഷ്യൻ ആനകളിപ്പോൾ മൂന്നുറായി വർദ്ധിച്ചതായി ചൈനീസ് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. ആനകളുടെ സുരക്ഷ ഉറപ്പാക്കലാണ് ഇപ്പോൾ അധികൃതർ നടത്തുന്നത്.
ഏഴുകോടിയുടെ നാശനഷ്ടം വരുത്തിയിട്ടും ആനകളെ ഉപദ്രവിക്കാതിരിക്കാനാണ് മൃഗസംരക്ഷണ വകുപ്പും പരിസ്ഥിതി സ്‌നേഹികളും ശ്രമിക്കുന്നത്. യാത്രക്കിടെ 56 ഹെക്ടറിലെ കൃഷികൾ ആനകൾ നശിപ്പിച്ചു കഴിഞ്ഞു. ആനകളുടെ സഞ്ചാര പാതയിൽ നിന്നും മൂവായിരം പേരെ സൈന്യം മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ആനകൾക്ക് വേണ്ട ഭക്ഷവും വെള്ളവും വഴിനീളെ ഒരുക്കിയാണ് ഗജരാജാക്കന്മാർക്ക് സൈന്യം അകമ്പടി സേവിക്കുന്നത്. ഇതുവരെ 500 കിലോമീറ്റർ ദൂരമാണ് ആനക്കൂട്ടം താണ്ടിയത്. നാനൂറ് സൈനികരാണ് ആനക്കൾക്ക് സംരക്ഷണം നൽകുന്നത്. ഒപ്പം ആനക്കൂട്ടത്തിന്റെ സഞ്ചാര പഥം മുഴുവൻ ഡ്രോണുകളുപയോഗിച്ച് രേഖപ്പെടുത്തുന്ന പ്രവർത്തനവും നടത്തുന്നുണ്ട്. ചൈനീസ് മാദ്ധ്യമങ്ങൾ എല്ലാ ദിവസവും ഒരു നിശ്ചിത സമയം ഇപ്പോൾ ആനകളുടെ തെക്കോട്ടിറക്കത്തെക്കുറിച്ചുള്ള പ്രത്യേ വാർത്താ ബുള്ളറ്റിനുകളാണ് നൽകുന്നത്.















