ടോക്കിയോ: ലോക കായിക മാമാങ്കത്തിൽ തങ്ങളുടെ രാജ്യത്തിനായി മെഡൽ വേട്ടയ്‌ക്കിറങ്ങാൻ തയ്യാറായി ലോകതാരങ്ങളും. ടെന്നീസ് രംഗത്തെ അതുല്യപ്രതിഭകളാണ് പ്രഫഷണൽ ടെന്നീസിന്റെ പകിട്ടുകൾക്കപ്പുറം സ്വന്തം നാടിന്റെ ജഴ്‌സിയിൽ അണിനിരക്കുക. ജൂലൈ 24നാണ് ടെന്നീസ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇരു വിഭാഗത്തിലേയും സിംഗിൾസ്, ഡബിൾസ് മത്സരങ്ങൾക്കൊപ്പം മിക്‌സഡ് ഡബിൾസ് മത്സരവും നടക്കുന്നുണ്ട്.
സ്വിറ്റ്‌സർലന്റിന്റെ ലോകോത്തര ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ രാജ്യത്തിനായി ഇറങ്ങുമെന്നുറപ്പായി. കനത്ത വെല്ലുവിളിയുമായി സെർബിയൻ കരുത്തനും ലോക ഒന്നാം നമ്പറുമായ നൊവാക് ജോക്കോവിച്ചും രംഗത്തുണ്ട്. സ്പാനിഷ് താരം നദാലിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
വനിതകളിൽ സമീപകാലത്തെ ടെന്നീസ് ലോകത്തിലെ നയങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ ജപ്പാന്റെ നവോമി ഒസാകയുണ്ട്. സ്വന്തം നാട്ടിലെ കായിക മാമാങ്കത്തിലെ മെഡൽ നേടാനാണ് നവോമിക്ക് അവസരം ഒരുങ്ങുന്നത്. ഒപ്പം അമേരിക്കയ്‌ക്കായി കൗമാര പ്രതിഭ കൊക്കോ ഗൗഫും ജെന്നിഫർ ബ്രാഡിയും റാക്കറ്റേന്തും. ഓസ്‌ട്രേലിയക്കായി ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‌ലി ബാർട്ടിയിറങ്ങും.വനിതകളിൽ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധനേടുന്നത് അമേരിക്കയുടെ സെറീന വില്യംസ്, സോഫിയാ കെനിൻ, റൊമേനിയയുടെ സിമോണ ഹാലെപ്പ് എന്നിവരാണ്.
ഇവർക്കൊപ്പം പുരുഷന്മാരിൽ റഷ്യയ്‌ക്കായി മെഡ്‌വെദേവും റൂബലേവും, ഗീസിന്റെ സിറ്റ്‌സിപാസ്, ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവ്, ഇറ്റലിക്കായി മത്തേയോ ബരേറ്റീനിയും ടോക്കിയോ പട്ടികയിലുണ്ട്. വനിതകളിൽ ബെലാറസിന്റെ അര്യാനാ സബാലെങ്ക, ഉക്രൈനിന്റെ എലീനെ സ്വതേലിന, കാനഡയുടെ ബിയാൻക ആന്ദ്രേസ്‌ക്യൂ, പോളണ്ടിന്റെ ഇഗാ സ്വിയാതീക്, ചെക് താരം പെട്രാ വിറ്റോവ എന്നിവരും ഒളിമ്പിക്‌സിൽ പോരാടും.















