ലക്‌നൗ: ഒളിമ്പിക്‌സിൽ സുവർണ്ണ നേട്ടമുണ്ടാക്കുന്ന താരങ്ങൾക്ക് ആറുകോടി പാരിതോഷികം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ നിന്നും ഒളിമ്പിക്‌സിൽ രാജ്യത്തിനായി മെഡൽനേടുന്നവർക്കാണ് യോഗി ആദിത്യനാഥ് സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തു നിന്നും രാജ്യത്തിനായി ഒളിമ്പിക്‌സിൽ വെള്ളി നേടിയാൽ നാലു കോടിയും വെങ്കലം നേടിയാൽ രണ്ടു കോടിയും നൽകും.
ടീം ഇനങ്ങളിൽ പങ്കെടുത്ത് സ്വർണ്ണം നേടിയാൽ താരങ്ങൾക്ക് 3 കോടി രൂപയും വെള്ളിയും വെങ്കലവും നേടിയാൽ യഥാക്രമം രണ്ടും ഒന്നും കോടിരൂപ വീതം പാരിതോഷികമായി ലഭിക്കും. ഉത്തർപ്രദേശിൽ നിന്നുള്ള എല്ലാ ഒളിന്പിക്സ് താരങ്ങൾക്കും അവരുടെ പരിശ്രമത്തിനുള്ള പ്രതിഫലമായി പത്തുലക്ഷം രൂപ നൽകുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. പത്തു താരങ്ങളാണ് ഉത്തർപ്രദേശിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്.
ഒളിമ്പിക്‌സ് ഈ മാസം ആരംഭിക്കുന്നതിനാൽ ദേശീയ കായിക ബഹുമതി പ്രഖ്യാപനവും വിതരണവും മാറ്റി വെയ്‌ക്കാൻ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിൽ മെഡൽ നേടിയാൽ അത്തരക്കാരെകൂടി പരിഗണിക്കേണ്ടതിനാലാണ് ചടങ്ങുകൾ നീട്ടുന്നത്. ഒളിമ്പിക്‌സ് ജൂലൈ 23ന് തുടങ്ങി ആഗസ്റ്റ് 8നാണ് അവസാനിക്കുന്നത്. രാഷ്‌ട്രപതി ഭവനിൽ നടക്കാറുള്ള കായിക ബഹുമതി വിതരണചടങ്ങ് ആഗസ്റ്റ് മാസം 29ലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്.















