ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയുടെ ക്യാബിനറ്റ് യോഗം ഡൽഹിയിൽ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ഒരു വർഷത്തിന് ശേഷമാണ് ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനിലല്ലാതെ നടക്കുന്നത്. ഈ മാസം 7-ാം തിയതി മന്ത്രിസഭാ പുന:സംഘടനയ്‌ക്ക് ശേഷം ആദ്യമായാണ് മന്ത്രിസഭാ യോഗം നടക്കുന്നത്.
ക്യാബിനറ്റിന്റെ വിവിധ കമ്മറ്റികളെ പ്രഖ്യാപിച്ച പ്രധാനമന്ത്രി വിവിധ ഘട്ടങ്ങളിലായി കൂടിക്കാഴ്ചകൾ പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് ക്യാബിനറ്റിലെ മുഴുവൻ മന്ത്രിമാരുമായി ഇന്ന് യോഗം ചേർന്നത്. പാർലമെന്റിന്റെ മൺസൂൺകാല യോഗം വരുന്ന തിങ്കളാഴ്ചയാണ് ചേരുന്നത്. വിവിധ വിഷയങ്ങളിൽ പാർലമെന്റിൽ നടക്കാനിരിക്കുന്ന ചർച്ചകളും യോഗ ത്തിൽ ചർച്ച ചെയ്യും. വകുപ്പുകളെടുക്കേണ്ട നയങ്ങളും തീരുമാനങ്ങളും ഇന്ന് ക്യാബിനറ്റ് യോഗത്തിൽ ചർച്ചചെയ്യും.















