ലക്നൗ : താൻ ശുചീകരണ തൊഴിലാളിയായ ബ്ലോക്ക് പഞ്ചായത്തിന്റെ അദ്ധ്യക്ഷയായി സ്വന്തം ഭാര്യ തന്നെ എത്തുമെന്ന് ഒരിക്കലും സുനിൽ കുമാർ കരുതിയിരുന്നില്ല . എന്നാൽ ഭാര്യയെ ആ സ്ഥാനത്ത് കണ്ടപ്പോൾ സന്തോഷം അടക്കാനുമായില്ല .
സുനിൽ കുമാറിന്റെ ഭാര്യ സോണിയ ഈ മാസം ആദ്യം നടന്ന ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ബിജെപി അംഗമാണ് . ഉത്തർപ്രദേശിലെ സഹാറൻപൂരിലെ ബാലിയഖേരി ബ്ലോക്കിന്റെ അദ്ധ്യക്ഷയായാണ് സോണിയയെ പാർട്ടി തെരഞ്ഞെടുത്തത് .
നൽഹേര ഗുജ്ജർ ഗ്രാമത്തിലെ താമസക്കാരനായ സുനിൽ ബാലിയഖേരി ഡെവലപ്മെന്റ് ബ്ലോക്കിൽ സ്വീപ്പറായാണ് ജോലി ചെയ്യുന്നത് . 55-)0 വാർഡിൽ നിന്ന് ബ്ലോക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുനിൽകുമാർ തന്നെയാണ് ഭാര്യ സോണിയയെ പ്രേരിപ്പിച്ചത് .
ബാലിയഖേരി ബ്ലോക്ക് നേതൃ സ്ഥാനം സംവരണ വിഭാഗത്തിനായി നീക്കിവച്ചിട്ടുള്ളതാണ് . ബിജെപി നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ മുകേഷ് ചൗധരിയാണ് 26 കാരിയായ സോണിയയെ ഈ സ്ഥാനാർത്ഥിയായി ശുപാർശ ചെയ്തത്.
തന്റെ ഭർത്താവും കുടുംബവും പൊതുരംഗത്ത് പ്രവർത്തിക്കുന്നതിൽ തന്നെ പിന്തുണച്ചതായി സോണിയ പറഞ്ഞു. ഗ്രാമത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുകയാണ് താൻ ലക്ഷ്യമിടുന്നതെന്നും സോണിയ പറഞ്ഞു . അതേസമയം ഭാര്യ നേതൃ സ്ഥാനത്ത് എത്തിയെങ്കിലും തന്റെ ജോലി തുടരാനാണ് സുനിലിന്റെ തീരുമാനം.
Comments