കാബൂൾ : അഫ്ഗാൻ സൈന്യത്തിനെതിരെ വ്യോമാക്രമണം നടത്തുമെന്ന് പാകിസ്താൻ ഭീഷണിപ്പെടുത്തുന്നതായി വൈസ് പ്രസിഡന്റ് അമറുള്ള സലേ. പാക് വ്യോമസേന താലിബാൻ ഭീകരർക്ക് സഹായം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ – താലിബാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അഫ്ഗാനിസ്താന്റെ തെക്ക് കിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്പിൻ ബുൽദാക്ക് മേഖലയിൽ നിന്നും താലിബാൻ ഭീകരരെ തുരത്താനുള്ള നീക്കത്തെ പാകിസ്താൻ എതിർത്തിട്ടുണ്ട്. മേഖല തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന അഫ്ഗാൻ സൈന്യത്തിന് നേരെ പാകിസ്താൻ ഭീഷണി മുഴക്കി. താലിബാനെ മേഖലയിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം തുടർന്നാൽ പാക് വ്യോമസേനയിൽ നിന്നും വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ഭീഷണി. ചില മേഖലകളിൽ പാകിസ്താന്റെ സഹായത്തോടെയാണ് താലിബാൻ പ്രവർത്തിക്കുന്നതെന്നും സലേ വ്യക്തമാക്കി. അഫ്ഗാൻ പ്രതിരോധ മന്ത്രി കൂടിയാണ് അമറുള്ള സലേ.
കഴിഞ്ഞ ദിവസം താലിബാൻ കൈക്കലാക്കിയ പാക് അതിർത്തിയുടെ നിയന്ത്രണം അഫ്ഗാൻ സൈന്യം തിരികെ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ ഭീഷണിപ്പെടുത്തിയതായുള്ള അഫ്ഗാൻ വൈസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ.
അഫ്ഗാൻ – താലിബാൻ സമാധാന കരാർ പ്രകാരം രാജ്യത്തു നിന്നും അമേരിക്കൻ സൈന്യം പിൻവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് മുതലെടുത്ത് താലിബാൻ ഭീകര പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. താലിബാൻ കൂടുതൽ മേഖലകൾ പിടിച്ചടക്കാൻ ആരംഭിച്ചതിനെ തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു.
Comments