കൊച്ചി: ‘കേരളത്തിന്റെ ദൈവം’ പിണറായി വിജയനാണെന്ന വാചകമുള്ള ഫ്ലക്സുമായി പിണറായി ഭക്തർ. കഴിഞ്ഞ ദിവസം ഒരു ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡിലാണ് ഈ വാചകങ്ങളുള്ളത്. ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം. എന്ന വാചകമാണ് ഫ്ലക്സിലുള്ളത്. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ഫുൾസൈസ് ചിത്രവും നൽകിയിട്ടുണ്ട്. ഇതിന്റെ ഫോട്ടോകൾ സമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
മലപ്പുറം ജില്ലയിലെ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്നിലായാണ് ഫ്ലക്സ് വച്ചിരിക്കുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളൽ ഇത് വ്യക്തമാണ്. ക്ഷേത്രത്തിന്റെ ആർച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, വിഷയം സാമൂഹിക മാദ്ധ്യമങ്ങളിൽ ഇതിനോടകം വലിയ ചർച്ചയായിക്കഴിഞ്ഞു. പുതിയൊരു ദൈബം കൂടി ജനിച്ചിരിക്കുന്നു, ഇനി കമ്മികൾക്ക് മാത്രം ദൈബം ഇല്ലെന്ന് പറഞ്ഞു ആരും കളിയാക്കരുത്, ഇതൊക്കെ ഒള്ളത് തന്നാന്നോ കമ്മികളേ. അങ്ങനെ നിരവധി കമന്റുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
വ്യക്തി ആരാധന പാർട്ടിയിൽ പാടില്ലെന്ന സെക്രട്ടറിയേറ്റിന്റെ കർശന നിലപാടിനിടെയാണ് പിണറായിയുടെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ ഇത്തരത്തിൽ പി ജയരാജന്റെ ഫ്ലക്സ് വച്ചത് പാർട്ടിയിൽ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ പേരിൽ സിപിഎം അന്വേഷണ കമ്മീഷനെ വരെ നിയോഗിച്ചതും വലിയ ചർച്ചയായിരുന്നു. അതേ രീതിയിലുള്ള പിണറായിയുടെ ഫ്ലക്സ് വെക്കുമ്പോൾ അതിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
Comments