ടോക്കിയോ: ഒളിംപിക്‌സിലെ ബോക്‌സിംഗിലും അമ്പെയ്തിലും പുരുഷ താരങ്ങൾ നിരാശപ്പെടുത്തി. ഇന്ത്യയുടെ ലോക ഒന്നാം നമ്പറായ അമിത് പംഗലാണ് ബോക്‌സിംഗിൽ ആദ്യ റൗണ്ടിൽ തന്നെ അട്ടിമറിക്കപ്പെട്ടത്. അമ്പെയ്തിൽ ഇന്ത്യൻ പ്രതീക്ഷയായ അതാനുദാസാണ് പുറത്തായ മറ്റൊരു താരം.
പുരുഷ വിഭാഗം ബോക്‌സിംഗിൽ 52 കിലോഗ്രാമിൽ കൊളംബിയയുടെ യുബെർജെൻ ഹേണി റിയാസാണ് അമിതിനെ വീഴ്‌ത്തിയത്. 4-1 എന്ന സ്‌കോറിനാണ് കൊളംബിയൻ താരം ജയിച്ചത്. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ ജേതാവെന്ന നിലയിൽ യുബെർജെന്നിന്റെ തുടക്കം മോശമായിരുന്നു. ആദ്യ റൗണ്ടിൽ മുന്നിട്ടുനിന്ന ശേഷമാണ് അമിത് അടിയറ പറഞ്ഞത്.
അമ്പെയ്തിൽ അതാനുദാസ് ജപ്പാന്റെ താകഹാരു ഫുറുകാവയോടാണ് തോറ്റത്. 6-4 എന്ന പോയിന്റുകൾക്കാണ് പ്രീക്വാർട്ടറിൽ പുറത്തായത്. ലണ്ടൻ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ ജേതാവായ ജപ്പാൻ താരം തന്റെ അനുഭവപരിചയം മത്സരത്തിലുടനീളം പ്രകടിപ്പിച്ചു.















