ടോക്കിയോ: ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ ബെൽജിയത്തിനോട് പൊരുതി തോറ്റു. ബെൽജിയത്തിനെതിരെ 2-5 എന്ന നിലയിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇനി വെങ്കലമെഡലിനായി ജർമ്മനി- ഓസ്ട്രേലിയ രണ്ടാം സെമിയിൽ തോൽക്കുന്ന ടീമിനെതിരെ പോരാടണം.
തുടക്കത്തിൽ ലോകചാമ്പ്യന്മാരായ ബെൽജിയം ലീഡ് നേടിയെങ്കിലും 2-1ന് മുന്നിലെത്തി ഇന്ത്യ ശക്തമായ ആക്രമണമാണ് നടത്തിയത്. എന്നാൽ രണ്ടും മൂന്നും ക്വാർട്ടറുകളിലെ ബെൽജിയത്തിന്റെ ശക്തമായ മുന്നേറ്റമാണ് ലോക രണ്ടാം നമ്പർ ടീമിനെ ഫൈനലിൽ എത്തിച്ചത്. സൂപ്പർ താരം അലക്‌സാണ്ടർ ഹെൻഡ്രിക്‌സിന്റെ ഹാട്രിക്കാണ് ബെൽജിയത്തിനെ ഫൈനലിലെത്തിച്ചത്.
മത്സരത്തിലെ ആദ്യ ഗോൾ ബൽജിയത്തിനായി ഫാനി ലൂയ്‌പേർട്ടാണ് നേടിയത്. പെനാൽറ്റി കോർണറാണ് ഗോളായി മാറിയത്. മറുപടിയായി ഇന്ത്യക്കുവേണ്ടി ഹർമൻപ്രീത് സിംഗും മൻദീപ് സിംഗും ഗോളുകൾ നേടി. 11-ാം മിനിറ്റിലാണ് ഹർമൻ പ്രീത് ഗോളടിച്ചത്. ടൂർണ്ണമെന്റിലെ തന്റെ അഞ്ചാമത്തെ ഗോളാണ് ഹർമൻ പ്രീത് നേടിയത്. തൊട്ടുപിന്നാലെയാണ് 2-1 ലീഡ് നൽകി മൻദീപ് ബെൽജിയത്തെ വീണ്ടും ഞെട്ടിച്ചു. എന്നാൽ രണ്ടാം ക്വാർട്ടറിലും മൂന്നാം ക്വാർട്ടറിലും തുടർച്ചയായി പെനാൽറ്റി വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
രണ്ടാം ക്വാർട്ടറിൽ ആക്രമണം ശക്തമാക്കിയ ബെൽജിയം 19-ാം മിനിറ്റിൽ സമനില പിടിച്ചു. മൂന്നാം ക്വാർട്ടറിൽ ഡോഹ്മെന്നും ബൽജിയത്തിനായി ഗോൾ നേടി ലീഡ് 4-2 ആക്കി ഉയർത്തി. സൂപ്പർതാരം അലെക്‌സാണ്ടർ ഹെൻഡ്രിക് നേടിയ ഹാട്രിക്കാണ് കളിയുടെ സവിശേഷത. അവസാന നിമിഷത്തിലെ ഗോളിലൂടെയാണ് ബൽജിയം 5-2ന്റെ ആധികാരിക ജയം നേടി ഫൈനലിലേക്ക് കടന്നത്.















