വിവാദങ്ങൾക്കിടെ ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോയുടെ രണ്ടാം മോഷൻ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. വിവാദത്തെ തുടർന്ന് ടാഗ് ലൈൻ ഒഴിവാക്കിയാണ് പുതിയ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ജയസൂര്യയെ കൂടാതെ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ജാഫര്‍ ഇടുക്കിയുമാണ് പോസ്റ്ററിലുള്ളത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.
Eesho……2nd motion poster…..❤️
Posted by Jayasurya on Wednesday, August 4, 2021
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ എം ബാദുഷ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ്. മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി, കേശു ഈ വീടിന്‍റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ഈശോ. ദിലീപ് നായകനാവുന്ന കേശു ഈ വീടിന്‍റെ നാഥന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
ഈശോ എന്ന് പേരിട്ട സിനിമയുടെ ടാഗ് ലൈൻ നോട്ട് ഫ്രം ദി ബൈബിൾ എന്നതായിരുന്നു. എന്നാൽ സിനിമ ടൈറ്റിലിനെതിരെ കൃസ്ത്യൻ സംഘടനയായ കാസ രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. മതവികാരം വ്രണപ്പെടുത്തിയ സംവിധായകൻ നാദിർഷയ്‌ക്കെതിരെ കാസ പ്രസിഡൻ്റ് കെവിൻ പീറ്റർ എറണാകുളം സെൻട്രൽ പോലീസിൽ പരാതിയും നൽകിയിരുന്നു. ക്രൈസ്തവ സമൂഹം ആരാധിക്കുന്ന യേശുദേവനെ അവഹേളിക്കുന്ന വിധമുള്ള സിനിമാ പേര് പൂർണമായും പിൻവലിക്കണമെന്നും കാസ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പേര് മാറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു നാദിർഷ. ക്രിസ്ത്യന്‍ സമുദായത്തിലെ സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ സിനിമയുടെ ടാഗ് ലൈന്‍ മാത്രം മാറ്റുമെന്നും പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.















