ഏതൊരു പ്രവാസിയും വിഷമഘട്ടത്തിൽ ഓർത്തിരുന്ന ഒരു പേര് , സുഷമ സ്വരാജ് . അമ്മയുടെയും , ഭരണാധികാരിയുടെയും സ്നേഹവും , ധൈര്യവും പകർന്നു നൽകിയ പേര് മുൻ വിദേശകാര്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജ് ഓർമ്മയായിട്ട് രണ്ട് വർഷം തികയുന്നു.
1953 ൽ ഹരിയാനയിലെ പാൽവാൽ എന്ന സ്ഥലത്താണ് ജനനം . പിതാവ് ഹർദേവ് ശർമ്മ അറിയപ്പെടുന്ന ആർ എസ് എസ് പ്രവർത്തകനായിരുന്നു . 1970 ൽ അഖില ഭാരത വിദ്യാർത്ഥി പരിഷത്തിലൂടെയാണ് സുഷമ രാഷ്‌ട്രീയത്തിലെത്തുന്നത് . അറിയപ്പെടുന്ന പ്രാസംഗികയായ സുഷമ ഡൽഹിയിലെ ആദ്യ വനിത മുഖ്യമന്ത്രി എന്ന ബഹുമതിയ്‌ക്ക് അർഹയാണ് . മാത്രമല്ല ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും സുഷമ സ്വരാജാണ് .
25-ാം വയസിലാണ് ഹരിയാന നിയമസഭയിൽ ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ നിന്നും സുഷമ ദേശീയ രാഷ്‌ട്രീയത്തിലേക്ക് ഉയർന്നു. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു.
വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അവരുടെ നേതൃത്വപാടവം, ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയർത്തി. രണ്ടാം മോദി മന്ത്രി സഭയില്‍ ഒഴികെ കേന്ദ്രത്തിലെ എല്ലാ ബിജെപി സര്‍ക്കാറിന്റെയും ഭാഗമായിരുന്നു സുഷമ സ്വരാജ്.അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2009 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 15-ാമത് ലോക്‌സഭയിലേക്ക് മധ്യപ്രദേശിലെ വിദിഷ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുകയും ചെയ്തു.
2014 മെയ് 26 മുതല്‍ 2019 മെയ് വരെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച സുഷമ സ്വരാജ് ഇന്ത്യയുടെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ വിദേശകാര്യ മന്ത്രിയായിരുന്നു. വിദേശകാര്യ മന്ത്രിയായിരിക്കെ, സാധാരണക്കാര്‍ക്ക് ഏറ്റവും സ്വീകാര്യയായ മന്ത്രിയായി സുഷമ സ്വരാജ് അംഗീകരിക്കപ്പെട്ടു. പാകിസ്ഥാനിൽ നിന്നുള്ളവർക്ക് പോലും ചികിത്സയ്‌ക്കായി വിസ ലഭ്യമാക്കിയ സുഷമ കാരുണ്യത്തിന്റെ ആൾസ്പർശം തന്നെയായിരുന്നു. ഇന്ത്യയുടെ ദിവ്യാംഗയായ മകൾ ഗീതയെ ചേർത്തണച്ച സുഷമയുടെ ‘അമ്മ’ മനസിനെയും ലോകം ആദരിച്ചു .















