മുംബൈ: തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ച് മഹീന്ദ്ര. കമ്പനിയുടെ എസ് യുവി വാഹനങ്ങൾക്ക് വേണ്ടിയാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തയാഴ്ച പുറത്തിറങ്ങുന്ന എക്സ് യുവി 700 മുതലുള്ള പുതിയ വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയ ലോഗോയായിരിക്കും ഇടംപിടിക്കുക. ടാറ്റയിൽ നിന്ന് പടിയിറങ്ങി മഹീന്ദ്രയിലെത്തിയ പ്രതാപ് ബോസിന്റെ ആദ്യ ഡിസൈൻ കൂടിയാണ് പുതിയ ലോഗോ.
ഇത് ഒരു പുതിയ ലോഗോ മാത്രമല്ല, മഹീന്ദ്രയിലെ പുനരുജ്ജീവിപ്പിച്ച ആത്മാവിന്റെ പ്രതിനിധാനമാണെന്ന് ലോഗോ പുറത്തിറക്കിയതിന് ശേഷം മഹീന്ദ്രയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഡിസൈൻ ഓഫീസറുമായ പ്രതാപ് ബോസ് വ്യക്തമാക്കി. ലോഗോയ്‌ക്ക് പുറമെ കമ്പനിയുടെ കളർ തീമിലും മാറ്റം വരുത്തിയിട്ടുണ്ട്. ചാർക്കോൾ ഗ്രേയാണ് പുതിയ കളർ. നിലവിലുള്ള കളർ തീം മാറ്റിക്കൊണ്ട് ഷോറൂമുകളും ഉടൻ തന്നെ നവീകരിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. 2022 ഓടെ മുഴുവൻ ടച്ച് പോയിന്റുകളും പുതിയ തീമിലേക്ക് മാറ്റാനാണ് കമ്പനിയുടെ തീരുമാനം.















