ന്യൂഡൽഹി: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിഎസ്എൽവി എഫ് 10ന്റെ വിക്ഷേപണം പരാജയപ്പെടാൻ കാരണം ക്രയോജനിക് ഘട്ടത്തിലുണ്ടായ പാളിച്ചയെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ. ഒന്നും രണ്ടും ഘട്ടങ്ങൾ സാധാരണ ഗതിയിൽ വിജയിച്ചിരുന്നു. ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറാണ് വിക്ഷേപണത്തെ പ്രതികൂലമായി ബാധിച്ചതെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
ഇന്ന് പുലർച്ചെ 5.43നാണ് ഇഒഎസ് 03 ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചത്. ജിഎസ്എൽവി എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം. ബഹിരാകാശത്ത് 36,000 കിലോമീറ്റർ ഉയരെ നിലയുറപ്പിച്ച് അരമണിക്കൂറിലൊരിക്കൽ ഇന്ത്യയുടെ സമ്പൂർണ ചിത്രങ്ങൾ പകർത്തുന്ന അത്യാധുനിക ജിയോ ഇമേജിംഗ് ഉപഗ്രമാണ് ജിസാറ്റ്. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഭൂമിയെ നിരീക്ഷിക്കുന്ന ആദ്യ ഇന്ത്യൻ ഉപഗ്രഹമായിരുന്നു ഇത്. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇത്തരം ഉപഗ്രഹം ഉണ്ട്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജിഎസ്എൽവി എഫ് 10ന്റെ വിക്ഷേപണം പല തവണ മാറ്റിവെച്ചിരുന്നു. മാർച്ച് 20നായിരുന്നു ആദ്യം വിക്ഷേപണം നടത്താൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊറോണയുടെ സാഹചര്യത്തിൽ അത് നീട്ടുകയായിരുന്നു. ഈ വർഷം മാർച്ചിൽ വിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം അതും നീളുകയായിരുന്നു.
ഈ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിലൂടെ രാജ്യാതിർത്തികളുടെ തത്സമയ ചിത്രങ്ങൾ നൽകാനും പ്രകൃതി ദുരന്തങ്ങൾ വേഗത്തിൽ നിരീക്ഷിക്കാനും മുന്നറിയിപ്പ് നൽകാനുമാണ് ലക്ഷ്യമിട്ടിരുന്നത്. ഓൺബോർഡ് ഹൈ റെസല്യൂഷൻ ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ ഭൂപ്രദേശത്തേയും സമുദ്രങ്ങളേയും അതിർത്തികളേയും തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കുമെന്ന പ്രത്യേകതയും ഉപഗ്രഹത്തിനുണ്ടായിരുന്നു.















