ലണ്ടൻ: ബ്രിട്ടണിൽ ഗൂർഖമാരുടെ നിരാഹാര സമരം ഒരാഴ്‌ച്ച പിന്നിടുന്നു. ബ്രിട്ടീഷ് ആർമിയിലെ നാലായിരത്തിലേറെ വരുന്ന ഗൂർഖ റജിമെന്റിലെ വിരമിച്ച സൈനികരാണ് തെരുവിൽ സമരം ചെയ്യുന്നത്. പെൻഷൻ കാര്യത്തിൽ ബ്രിട്ടീഷ് പട്ടാളക്കാരും ഗൂർഖകളും തമ്മിലുള്ള അന്തരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഭീരുക്കളായി ഇരിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്ന മുദ്രാവാക്യവുമായാണ് ഇവർ നിരാഹാര സമരം നടത്തുന്നത്.
ഗൂർഖമാരുടെ അതേ റാങ്കിൽ വിരമിക്കന്ന ബ്രിട്ടീഷ് സൈനികന് 1300 പൗണ്ടാണ് പ്രതിമാസം പെൻഷനായി ലഭിക്കുന്നത്. എന്നാൽ ഗൂർഖകൾക്ക് ലഭിക്കുന്നത് വെറും 350 പൗണ്ട് മാത്രമാണ്. സർവ്വീസിൽ നിന്നും വിരമിക്കുമ്പോൾ ലഭിക്കുന്ന തുകയിലും ഈ അന്തരമുണ്ട്. ഗൂർഖകൾക്ക് 3000 പൗണ്ട് മാത്രം ലഭിക്കുമ്പോൾ ബ്രിട്ടീഷ് സൈനികർക്ക് ലഭിക്കുന്നത് 70,000 പൗണ്ട് വരെയാണ്. സർവ്വീസ് കാലയളവിൽ ശമ്പളത്തിലും ഇത്തരം അന്തരം ഉണ്ടെന്ന് ഇവർ പറയുന്നു.
ലോക മഹായുദ്ധങ്ങളിൽ ബ്രിട്ടനുവേണ്ടി രണ്ട് ലക്ഷത്തോളം ഗൂർഖകളാണ് പോരാടിയത്. ഇതിൽ 43,000ത്തിലധികം പേർ വീരമൃത്യു വരിച്ചു. രാജ്യത്തിന് വേണ്ടി നിസ്വാർത്ഥ സേവനം നൽകിയ തങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന് സമരം ചെയ്യുന്നവർ പറയുന്നു. തങ്ങൾക്ക് ലഭിക്കുന്ന പെൻഷൻ തുക ദിവസ ചെലവിന് പോലും തികയുന്നില്ലെന്ന് ഇവർ പറയുന്നു.














