ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് തകർച്ചയോടെ തുടക്കം. പുതിയ സീസണിലെ ആദ്യ മത്സരത്തിലാണ് ഗണ്ണേഴ്‌സ് പട്ടികയിലെ ദുർബലരായ ബ്രെന്റ് ഫോഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ബ്രെന്റ്‌ഫോഡ് കരുത്തരായ ആഴ്‌സണലിന്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചാണ് കളിച്ചത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഇടംലഭിക്കാതിരുന്ന ബ്രെന്റ്‌ഫോഡിന് സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്.
കളിയുടെ 22-ാം മിനിറ്റിലാണ് ബ്രെന്റ്‌ഫോഡ് ലീഡ് നേടിയത്. സെർജീ കാനോസാണ് ആദ്യം ആഴ്‌സണലിന്റെ വല കുലുക്കിയത്. ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി ആക്രമിച്ചുകളിച്ച ആഴ്‌സണൽ കളിയുടെ മുക്കാൽ സമയത്തും പന്ത് കൈവശം വയ്‌ക്കുന്നതിൽ വിജയിച്ചിരുന്നു. എന്നാൽ നിർണ്ണായക സമയത്തൊന്നും ഗോളടിക്കാൻ ഗണ്ണേഴ്‌സിനായില്ല.
73-ാം മിനിറ്റിൽ ആഴ്‌സണലിനെ ഞെട്ടിച്ചുകൊണ്ട് ബ്രെന്റ്‌ഫോഡ് വീണ്ടും ഗോൾ നേടി. ക്രിസ്റ്റിയൻ നോഗാഡാണ് ടീമിന് 2-0ന്റെ ശക്തമായ ലീഡ് നൽകിയത്. 22 തവണ ഷോട്ടുകളുതിർത്തിട്ടും ഗോളടിക്കാൻ ആഴ്‌സണലിനെ ബ്രെന്റ്‌ഫോഡ് അനുവദിച്ചില്ല.
ലീഗിലെ ഉദ്ഘാടന മത്സരമാണ് ഇന്നലെ നടന്നത്. ഇന്ന് ഏഴു മത്സരങ്ങളാണ് നടക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും, ചെൽസിയും, ലിവർപൂളും, ലെസ്റ്റർ സിറ്റിയും ഇന്നിറങ്ങുന്ന വമ്പന്മാരാണ്. എല്ലാവരും കഴിഞ്ഞ സീസണിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയ കരുത്തന്മാരാണ്. മാഞ്ചസ്റ്റർ സിറ്റിയാണ് കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാർ. സീസണിൽ 20 ടീമുകൾ ആകെ 38 മത്സരങ്ങൾ ആദ്യം കളിക്കണം.















