ബർലിൻ: ജർമ്മൻ, ബയേൺ മ്യുണിച് ക്ലബ് ഫുട്‌ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു. 75 വയസ്സായിരുന്നു. അൽഷിമേഴ്‌സ് ബാധിച്ച് ദീർഘകാലം ചികിത്സയിലായിരുന്നു. ബയേൺ മ്യുണിച് ക്ലബാണ് മരിച്ച വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
അന്തർദേശീയരംഗത്തെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരിലൊരാളാണ് ഗെർഡ് മുള്ളർ. 1972ൽ യൂറോ കപ്പ്, 1974ൽ ഫുട്‌ബോൾ ലോകകപ്പ്, 1970ലെ ബാലൺ ഡി ഓർ എന്നിവ അദ്ദേഹത്തിന്റെ ഫുട്‌ബോൾ ജീവിതത്തിലെ മികച്ച നേട്ടങ്ങളാണ്.
ലോകകപ്പ് ഫുട്‌ബോളിൽ 14ഗോളുകൾ അടിച്ചിട്ടുണ്ട്. ദീർഘകാലം മുള്ളറിന്റെ പേരിലായിരുന്നു ഏറ്റവും കൂടുതൽ ഗോൾ സ്‌കോർ ചെയ്തതിന്റെ റെക്കോർഡ്. പിന്നീട് ബ്രസീലിന്റെ റൊണാൾഡോയും ജർമ്മനിയുടെ മിറാസ്ലാവ് ക്ലോസെയും ഈ റെക്കോർഡ് തിരുത്തി. 1974ൽ ജർമ്മനി ലോകകപ്പ് നേടിയപ്പോഴും 1972ൽ യൂറോ കപ്പ് കരസ്ഥമാക്കിയപ്പോഴും മുള്ളർ ടീമിൽ ഉണ്ടായിരുന്നു.
ബയേൺ മ്യുണിച്ചിനു വേണ്ടി ദീർഘകാലം കളിച്ച മുള്ളർ 607 കളികളിൽ നിന്നും 566 ഗോൾ നേടി. ജർമ്മൻ ഫുട്‌ബോൾ ലീഗായ ബുൻഡസ് ലീഗിൽ 7 തവണ ടോപ്പ് സ്‌കോററായി. 1970കളിൽ പശ്ചിമ ജർമ്മൻ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു. 1972 യൂറോ കപ്പിൽ ടോപ്പ് സ്‌കോറർ ആയിരുന്നു.
മുള്ളറുടെ നിര്യാണത്തിൽ ഫുട്‌ബോൾ രംഗത്തെ നിരവധി പേർ അനുശോചനമർപ്പിച്ചു. ബയേൺ ഫുട്‌ബോൾ ക്ലബിന്റെ ലോകം നിശ്ചലമാക്കി മുള്ളർ യാത്രയായി. ക്ലബിന്റെ ആരാധകർ കണ്ണീരോടെയാണ് ഈ വാർത്ത ഉൾക്കൊണ്ടതെന്ന് ജർമ്മൻ ക്ലബ് ഓദ്യോഗികമായി അറിയിച്ചു.
ഫുട്‌ബോളിൽ നിന്നും വിരമിച്ചതിനുശേഷം അദ്ദേഹം ക്ലബിന്റെ പരിശീലകനായി തുടർന്നു.















