മസ്‌കറ്റ്: ഒമാനിലെ റുസൈലില്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ് നാലുവയസ്സുകാരിയായ മലയാളി ബാലിക മരിച്ചു. തൃശൂര്‍ പിലാക്കാട് സ്വദേശി പ്രദീപിന്റെയും ദിവ്യയുടെയും ഏകമകളായ ദക്ഷ പ്രദീപിനാണ് ദാരുണാന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിലെ ജനല്‍വഴി അബദ്ധത്തില്‍ താഴേക്ക് വീണതായാണ് പ്രാഥമിക നിഗമനം.
റുസൈലിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പ്രദീപിന്റെ അടുത്തേക്ക് അടുത്തിടെയാണ് ഭാര്യ ദിവ്യയും മകള്‍ ദക്ഷയും സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയത്. അപകടസമയത്ത് ദിവ്യ ഭര്‍ത്താവിന്റെ അടുത്തേക്ക് പോയതിനിടെയാണ് കുട്ടി ജനലിനരികിലെത്തി താഴേക്ക് വീണതെന്നാണ് ലഭിക്കുന്ന വിവരം.
സംഭവമറിഞ്ഞ ഉടന്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മസ്‌കറ്റ് കെ.എം.സി.സി റുസൈല്‍ ഏരിയ കെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.















