തിരുവന്തപുര : ടോക്കിയോ ഒളിമ്പിക്‌സ് നീന്തൽ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സജൻ പ്രകാശ് ഇന്ന് കേരളത്തിൽ തിരിച്ചെത്തും. ചരിത്രത്തിലാദ്യമായി നീന്തൽ ഇനത്തിൽ നേരിട്ട് ഒളിമ്പിക്‌സ് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരമാണ് മലയാളിയായ സജൻ. കേരളാ പോലീസിന്റെ നേതൃത്വത്തിൽ ഇന്ന് തലസ്ഥാനത്ത് സ്വീകരണം നൽകും.
ഉച്ചയ്‌ക്ക് 12.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന സജൻ പ്രകാശിനെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കും. തുടർന്ന് പോലീസ് ബാൻറ് സംഘത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പോലീസ് ആസ്ഥാനത്തേയ്‌ക്ക് ആനയിക്കും. മോട്ടോർ സൈക്കിൾ, കുതിരപ്പോലീസ് എന്നിവയും അകമ്പടി നൽകും. പോലീസ് ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പോലീസിന്റെ ഉപഹാരങ്ങൾ നൽകും.
സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പിമാരായ കെ.പത്മകുമാർ, മനോജ് എബ്രഹാം, വിജയ് സാഖറെ, സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, ബറ്റാലിയൻ ഡി.ഐ.ജി പി.പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കേരളാ സ്‌പോർട്‌സ് കൗൺസിൽ, ഒളിമ്പിക്‌സ് അസോസിയേഷൻ, സ്‌പോർസ് വകുപ്പ് എന്നിവയുടെ പ്രതിനിധികളും പോലീസ് സ്‌പോർട്‌സ് വിഭാഗത്തിലെ താരങ്ങളും ചടങ്ങിൽ പങ്കെടുക്കും. ടോക്കിയോയിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയ സജനെ കേന്ദ്ര മന്ത്രി വി. മുരളീധരൻ അനുമോദിച്ചു.















