കോഴിക്കോട് : സി. ബി. ഐ. അന്വേഷണത്തിൽ സോളാർ കേസിലെ സത്യം തെളിയുമെന്ന് ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ സി. ബി. ഐ കോടതിയിൽ എഫ്. ഐ. ആർ. സമർപ്പിച്ചതിനെ സംബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലുമടക്കം പ്രതികളായ സോളാർ കേസിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയത് സി പി എം നേതൃത്വം ആണ്. അന്വേഷണത്തിൽ രാഷ്‌ട്രീയമുണ്ടാവില്ലെന്നും നിഷ്പക്ഷവും നീതി പൂർവ്വവുമായ അന്വേഷണമായിരിക്കും സി. ബി. ഐ. നടത്തുകയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സോളാർ കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതി കൂടിയായ സ്ത്രീ നൽകിയ സ്ത്രീപീഡനപരാതിയിലാണ് എഫ്. ഐ. ആർ. സമർപ്പിച്ചത്. തിരുവനന്തപുരം യൂണിറ്റാണ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ എഫ്. ഐ. ആർ സമർപ്പിച്ചത്.
ഉമ്മൻചാണ്ടിക്ക് പുറമേ, ഇപ്പോൾ സംഘടനാ ചുമതലയുള്ള എ. ഐ. സി. സി സെക്രട്ടറിയായ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ എം. എൽ. എ. എന്നിവർക്കെതിരെയാണ് എഫ്. ഐ. ആർ സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ സി. ബി. ഐ. യ്‌ക്ക് സംസ്ഥാന സർക്കാർ കൈമാറിയിരുന്നു. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ സമർപ്പിച്ചിരിക്കുന്നത്.
Comments