ന്യൂഡൽഹി: ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ ദിനം ഇന്ന്. ടീം ഇന്ത്യയുടെ സീനിയർ ടീമിലൂടെ ആദ്യ ഏകദിനത്തിലാണ് 2008 ആഗസ്റ്റ് 18 ന് കോഹ്ലി അരങ്ങേറ്റം കുറിച്ചത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 12 റൺസാണ് നേടിയത്.
കുലശേഖരയുടെ പന്തിലാണ് കോഹ്ലി പുറത്തായത്. ധോണിയുടെ നായകത്വത്തിലാണ് കോഹ്ലി, ടീം ഇന്ത്യയുടെ ഭാഗമായത്.
14-ാമത്തെ മത്സരത്തിലാണ് കോഹ്ലി ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. ശ്രീലങ്കയ്ക്കെതിരെ തന്നെയാണ് കോഹ്ലി തൊട്ടടുത്ത വർഷം സെഞ്ച്വറി നേടിയത്. 109 റൺസാണ് ആ മത്സരത്തിൽ കോഹ്ലി സ്വന്തമാക്കിയത്. 43 സെഞ്ച്വറികളുമായി കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ ശക്തനായ താരമായി മാറിക്കഴിഞ്ഞു.
254 ഏകദിനങ്ങളിലായി 12,619 റൺസാണ് കോഹ്ലിയുടെ നേട്ടം. പാകിസ്താനെതിരെ നേടിയ 183 റൺസാണ് കോഹ് ലിയുടെ ഏറ്റവും ഉയർന്ന സ്കോർ. സച്ചിന് പുറകിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ നായകൻ എത്തിനിൽക്കുന്നത്.
Comments