ലക്നൗ : താലിബാൻ അനുകൂല പരാമർശം നടത്തിയ സമാജ്വാദി പാർട്ടി നേതാവിനെതിരെ കേസ്. സാംഫാൽ എംപി ഷഫീഖുർ റഹ്മാൻ ബർഖിനെതിരെയാണ് രാജ്യ ദ്രോഹകുറ്റം ചുമത്തി കേസ് എടുത്തത്. ബിജെപി നേതാക്കളുടെ പരാതിയിൽ ഉത്തർപ്രദേശ് പോലീസിന്റേതാണ് നടപടി.
ഇന്നലെയാണ് ബർഖ് താലിബാൻ ഭീകരരെ പിന്തുണച്ച് രംഗത്ത് വന്നത്. ഇതിനിടെ ആളുകൾക്കിടയിൽ വർഗ്ഗീയത വളർത്തുന്ന തരത്തിൽ പരാമർശങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബർഖിനെതിരെ പരാതി നൽകിയത്.
താലിബാൻ അധിനിവേശത്തെ സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടായിരുന്നു ബർഖിന്റെ പ്രതികരണം. അഫ്ഗാനിലെ താലിബാൻ പോരാട്ടം സ്വാതന്ത്യത്തിന് വേണ്ടിയാണ്. അത് അവരുടെ ആഭ്യന്തര വിഷയമാണ്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ മോചനം നേടിയത് പോരാട്ടത്തിലൂടെയായിരുന്നു. അഫ്ഗാൻ സ്വതന്ത്ര്യമാകണമെന്നാണ് താലിബാന്റെ ആവശ്യമെന്നും ബർഖ് പറഞ്ഞിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ, 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് ബർഖിനെതിരെ കേസ് എടുത്തിരിക്കുന്നത്.
Comments