കൊച്ചി: തിരുവോണത്തിന് തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ ചടങ്ങ് അതിരാവിലെ ആരംഭിച്ചു. മലയാളമണ്ണിലേക്ക് വാമനനെ പൂജിച്ചശേഷം മഹാബലിയെ എതിരേൽക്കുക എന്ന പ്രധാന ചടങ്ങ് നടത്തുന്ന ക്ഷേത്രമാണ് തൃക്കാക്കര. ചിങ്ങ മാസത്തിൽ പത്തു ദിവസത്തെ ഉത്സവം നടക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതയും തൃക്കാക്കരയ്‌ക്കുണ്ട്.
അറുപത്തിനാല് നാടുവാഴികൾ ചേർന്ന് നടത്തിയിരുന്ന ഓണമെന്നതാണ് കൊച്ചി രാജഭരണകാലഘട്ടത്തിലെ തൃക്കാക്കരയുടെ പ്രൗഢി. അക്കാലത്ത് ഓരോ കുടുംബത്തിൽ നിന്നും ഒരാൾ വീതം ക്ഷേത്രത്തിലെത്തി ചടങ്ങിൽ പങ്കെടുക്കണമെന്ന നിർബന്ധ മുണ്ടായിരുന്നു. സകല കരയേയും ബന്ധപ്പെടുത്തി തൃക്കാക്കര ക്ഷേത്രമാണ് ഓണവരവ് അറിയിച്ചിരുന്നത്. പിന്നീടാണ് ഓണത്തിന്റെ എതിരേൽപ്പുകൾ വീടുകളിലേക്ക് മാറിയതെന്നും ചരിത്രം പറയുന്നു.
ഓണസങ്കൽപ്പത്തിലെ ഐതീഹ്യപ്പെരുമ ആചാരവും അനുഷ്ഠാനവുമായി നടക്കുന്നത് തൃക്കാക്കരയിലാണ്. വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയെന്ന് വിശ്വസിക്കുന്ന മഹാബലിയെ എതിരേൽക്കുന്ന ക്ഷേത്രമാണ് തൃക്കാക്കര. വാമനമൂർത്തിയെ പൂജിച്ച ശേഷം നടക്കുന്ന പ്രധാന ചടങ്ങാണിതെന്നതും തൃക്കാക്കരയെ വ്യത്യസ്തമാക്കുന്നു. മഹാബലിയെ അതിരാവിലെതന്നെ എതിരേറ്റ് ആദ്യമായി കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ അവകാശം മുറുകെപ്പിടിക്കുന്ന ക്ഷേത്രവും തൃക്കാക്കരയാണ്.















