തൃശൂർ: ഉത്രാട-തിരുവോണ ദിനങ്ങളിലായി തൃശൂരിൽ രണ്ട് കൊലപാതകങ്ങൾ. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ ചെന്ത്രാപ്പിന്നിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. തിരുവോണദിനത്തിൽ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പള്ളിപ്പുറം സ്വദേശി സുരേഷാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിന്റെ പിതൃസഹോദരന്റെ മകൻ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സുരേഷിന്റെയും അനൂപിന്റെയും കുടുംബങ്ങൾ സമീപ വീടുകളിലാണ് താമസിക്കുന്നത്. ഉത്രാടദിനത്തിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ആരംഭിച്ചിരുന്നു. സുരേഷിന്റെ വീട്ടിലേക്ക് മദ്യപിച്ചെത്തിയ അനൂപ് ബഹളം വച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ കലഹമുണ്ടായെന്നാണ് വിവരം. പിന്നീട് ഇന്ന് രാവിലെ അനൂപിന്റെ വീട്ടിലേക്ക് സുരേഷിനെ വിളിച്ചുവരുത്തുകയും ആക്രമിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. അനൂപിന്റെ വീടിനകത്ത് വച്ച് സുരേഷിന്റെ കഴുത്തിനും കൈകൾക്കും കുത്തേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
25 വർഷമായി ചെന്ത്രാപ്പിന്നിയിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് കൊല്ലപ്പെട്ട സുരേഷ്. സംഭവത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെയും കയ്പമംഗലം എസ്‌ഐയുടെയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉത്രാടദിനത്തിൽ തൃശൂരിലെ കിഴുത്താണിയിലും വീടുകയറി ആക്രമണം നടന്നിരുന്നു. വാടക തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചികിത്സക്കിടെ മരിക്കുകയും ചെയ്തു.














