ടോക്കിയോ: പാരാലിമ്പിക്‌സിന് ടോക്കിയോയിൽ ഇന്ന് തുടക്കമാകാനിരിക്കെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്താനിരുന്ന ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു ക്വാറന്റീനിൽ. ടോക്കിയോയിലേക്കുള്ള യാത്രയിൽ വിമാനത്തിനുള്ളിൽ വച്ച് കൊറോണ രോഗബാധിതനുമായി സമ്പർക്കമുണ്ടായെന്ന സംശയത്തെ തുടർന്നാണ് താരം ക്വാറന്റീനിൽ പ്രവേശിച്ചത്. ഇതോടെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്താൻ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ ടെക്ചന്ദിനെ നിയോഗിച്ചു.
റിയോ പാരാലിമ്പിക്‌സിൽ ഹൈജംപിൽ സ്വർണം നേടിയ താരമാണ് മാരിയപ്പൻ തങ്കവേലു. കൊറോണ ബാധിതനായ വിദേശിയുമായിട്ടാണ് മാരിയപ്പൻ തങ്കവേലുവിന് സമ്പർക്കമുണ്ടായത്. ഒളിമ്പിക് വില്ലേജിൽ എത്തിയതിന് ശേഷം ആറ് തവണ ഇദ്ദേഹത്തെ പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. എല്ലാ പരിശോധനയിലും ഫലം നെഗറ്റീവാണ്. എങ്കിലും സുരക്ഷ മുൻകരുതൽ എന്ന നിലയിൽ ഉദ്ഘാടന ചടങ്ങിൽ നിന്ന് മാരിയപ്പൻ തങ്കവേലുവിനെ മാറ്റി നിർത്താനാണ് തീരുമാനമെന്ന് പാരാലിമ്പിക്‌സ് കമ്മിറ്റി പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടനച്ചടങ്ങുകൾ. മത്സരങ്ങൾ നാളെ മുതലാണ് തുടങ്ങുന്നത്. സെപ്തംബർ 5ന് അവസാനിക്കും. ആകെ 22 കായിക ഇനങ്ങളിലായി 540 മത്സര വിഭാഗങ്ങളുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് (54) ഇന്ത്യയ്‌ക്കായി മത്സരിക്കുന്നത്. 5 സ്വർണമുൾപ്പെടെ 15 മെഡലുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. റിയോ പാരാലിമ്പിക്‌സിൽ 2 സ്വർണവും ഒന്നു വീതം വെള്ളിയും വെങ്കലവുമായി മെഡൽ പട്ടികയിൽ 43ാം സ്ഥാനത്തായിരുന്നു ഇന്ത്യ.















