ഹൈദരാബാദ്: തെലുങ്ക് യുവനടൻ സന്ദീപ് കിഷനും തമിഴ് നടൻ വിജയ് സേതുപതിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ‘ മൈക്കിൾ’ എന്നാണ് ചിത്രത്തിന്റെ പേര്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത് ജയക്കോടിയാണ് ചിത്രത്തിന്റെ സംവിധായകൻ.
നിർമ്മാതാവ് സുനിൽ നാരംഗിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. തെലുങ്കിലെ പ്രസിദ്ധ പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപിയും കരൺ സി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ആരാധകർ കാത്തിരിക്കുന്നതുപോലെ ഇതൊരു ആക്ഷൻ ത്രില്ലറായിരിക്കുമെന്നാണ് പോസ്റ്ററിലൂടെ വ്യക്തമാവുന്നത്. മൈക്കിൾ എന്ന ടൈറ്റിൽ റോളിലാണ് സന്ദീപ് എത്തുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും വൈകാതെ വെളിപ്പെടുത്തും.















