ന്യൂഡൽഹി : രാജ്യത്തിന് ലഭിക്കുന്ന ഓരോ മെഡലുകളും അമൂല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായിക രംഗത്തോട് യുവതലമുറയിൽ പ്രിയം വർദ്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
40 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയിരിക്കുന്നു. ഇത് ഇന്ത്യൻ ഹോക്കിയ്ക്ക് പുതുജന്മമേകി. ഹോക്കിതാരം മേജർ ധ്യാൻ ചന്ദിന്റെ ആത്മാവ് സന്തോഷിച്ചിരിക്കാം. ഒരുപാട് മെഡലുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഹോക്കിയിൽ മെഡൽ നേടുന്നതുവരെ ഒരു ഇന്ത്യക്കാരനും സന്തോഷിച്ചിരുന്നില്ല. ഇന്ന് ഈ നേട്ടം രാജ്യം സ്വന്തമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കായിക മത്സരങ്ങളുടെ കാഴ്ചക്കാർ മാത്രമല്ല മറിച്ച് കായിക രംഗത്ത് അവസരങ്ങൾ തേടുന്നവരാണ് പുതുതലമുറ. ഒളിമ്പിക്സ് അവസാനിച്ചെങ്കിലും, പാരാലിമ്പിക്സ് തുടരുകയാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് ലഭിച്ച മെഡലുകളുടെ എണ്ണത്തിൽ കുറവുണ്ടാകാം. എങ്കിലും രാജ്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഇത് ധാരാളമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കായിക രംഗത്തോട് ഉള്ള പുതുതലമുറയുടെ സ്നേഹം മാതാപിതാക്കളിൽ വലിയ സന്തോഷമാണ് ഉളവാക്കുന്നത്. ഈ സ്നേഹമാണ് ധ്യാൻ ചന്ദിന് നൽകാവുന്ന ഏറ്റവും വലിയ ആദരവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments