മദീര: ദേശീയ ടീം ക്യാമ്പ് അനുവാദമില്ലാതെ വിട്ടതിനെത്തുടര്‍ന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് അച്ചടക്ക നടപടി. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ താരത്തിന് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും വിധിച്ചു. പരിശീലകന്‍ ജോര്‍ജെ ജെസ്യൂസുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് റൊണാള്‍ഡോ ക്യാമ്പ് വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെഡറേഷന്റെ നിയമാവലി പ്രകാരം മതിയായ കാരണമില്ലാതെ ദേശീയ ടീം ക്യാമ്പ് ഉപേക്ഷിക്കുന്നത് അച്ചടക്കലംഘനമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്കസമിതി വിഷയം പരിശോധിച്ച ശേഷമാണ് നടപടി പ്രഖ്യാപിച്ചത്. എന്നാല്‍ 30 ദിവസത്തെ വിലക്ക് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരങ്ങളെ ബാധിക്കില്ല. നവംബര്‍ 14ന് ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിന് മുന്‍പ് വിലക്ക് അവസാനിക്കും.
അതേസമയം, പരിശീലകനുമായുള്ള ഭിന്നത തുടരുന്ന സാഹചര്യത്തില്‍ അടുത്ത മത്സരങ്ങളില്‍ റൊണാള്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫെഡറേഷന്റെ ഏത് അച്ചടക്ക നടപടിയും സ്വീകരിക്കുമെന്ന് റൊണാള്‍ഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. താന്‍ ടീമിന്റെ ക്യാപ്റ്റനാണെന്നും വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും താരം പ്രസ്താവനയില്‍ പറഞ്ഞു. ഇതിനകം മാപ്പ് ചോദിച്ചിട്ടുണ്ടെന്നും ഇത്തരം പെരുമാറ്റങ്ങള്‍ക്ക് അനന്തരഫലങ്ങളുണ്ടാകുമെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. കളിക്കാരുടെ പദവി പരിഗണിക്കാതെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ദേശീയ ടീമിനായി തുടര്‍ന്നും കളിക്കുമെന്നും റൊണാള്‍ഡോ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കേണ്ടത് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനാണെന്നും താരം പറഞ്ഞിരുന്നു. നേഷന്‍സ് ലീഗില്‍ വെയില്‍സിനെതിരായ മത്സരത്തില്‍ റൊണാള്‍ഡോ കളിച്ചിരുന്നു. എന്നാല്‍ നോര്‍വേയ്‌ക്കെതിരായ മത്സരത്തില്‍ താരത്തെ കളത്തിലിറക്കിയില്ല. വാം അപ്പ് ചെയ്യിച്ചശേഷം കളിപ്പിക്കാതിരുന്നതും പരിശീലകനുമായുള്ള ഭിന്നതയ്‌ക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ ഗോണ്‍സാലോ റാമോസ് ആദ്യ ഇലവനില്‍ കളിക്കുമെന്നും റൊണാള്‍ഡോ ബെഞ്ചിലായിരിക്കുമെന്നും പരിശീലകന്‍ ജെസ്യൂസ് പ്രഖ്യാപിച്ചതാണ് താരത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് റൊണാള്‍ഡോ ദേശീയ ടീം ക്യാമ്പ് വിട്ടത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഫെഡറേഷന്റെ നിയമാവലി പ്രകാരം, മതിയായ കാരണമില്ലാതെ പരിശീലനത്തിലോ മത്സരങ്ങളിലോ മറ്റ് ഔദ്യോഗിക പ്രവര്‍ത്തനങ്ങളിലോ പങ്കെടുക്കാതിരിക്കുകയോ ക്യാമ്പ് ഉപേക്ഷിക്കുകയോ ചെയ്യുന്ന ദേശീയ താരങ്ങള്‍ക്ക് ഒരു മാസം മുതല്‍ ആറു മാസം വരെ വിലക്ക് ലഭിക്കാം. പ്രൊഫഷണല്‍ താരങ്ങള്‍ക്ക് 500 മുതല്‍ 1,000 യൂറോ വരെ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ പരിഗണിച്ചാണ് റൊണാള്‍ഡോയ്‌ക്കെതിരായ നടപടി.















