ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതിന്യായ കോടതിയായ സുപ്രീംകോടതിയിൽ അധികാരമേറ്റ് ഒമ്പത് പുതിയ ജഡ്ജിമാർ. കേരള ഹൈക്കോടതിയിൽ നിന്നുള്ള ജസ്റ്റിസ് സി.ടി രവികുമാറും മൂന്ന് വനിതകളും ഉൾപ്പെടെ ഒമ്പത് പേരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാവിലെ പത്തരയ്‌ക്ക് ചീഫ് ജസ്റ്റിസ് എൻ.വി രമണ പുതിയ ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇവർ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33 ആയി.
ഇന്ത്യയിൽ ആദ്യമായാണ് ഇത്രയധികം ജഡ്ജിമാരെ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്യുന്നതും കേന്ദ്രസർക്കാർ അംഗീകരിച്ചതിനെ തുടർന്ന് ചുമതലയേൽക്കുന്നതും. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയമായിരുന്നു ശുപാർശ നൽകിയത്. ഇതിന് പിന്നാലെ ഒമ്പത് പേരുടെ നിയമനത്തിന് രാഷ്‌ട്രപതിയും അംഗീകാരം നൽകി.
ചുമതലയേറ്റ മൂന്ന് വനിത ജഡ്ജിമാരിൽ ജസ്റ്റിസ് ബി.വി നാഗരത്‌നയും ഉൾപ്പെടുന്നു. ഇവരാകും 2027ൽ ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുകയെന്നതും ശ്രദ്ധേയമാണ്. 1989ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി.വി നാഗരത്ന. തെലങ്കാന ഹൈക്കോടതി ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് രണ്ട് വനിത ജഡ്ജിമാർ.
ജസ്റ്റിസ് സി.ടി രവികുമാർ, ജസ്റ്റിസ് എം.എം സുന്ദ്രേഷ്, മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ് നരസിംഹ, ജസ്റ്റിസ് അഭയ് ശ്രീനിവാസ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജിതേന്ദ്ര കുമാർ മഹേശ്വരി എന്നിവരാണ് പുതിയതായി ചുമതലയേറ്റ മറ്റ് ജഡ്ജിമാർ.















