ലണ്ടൻ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ തോൽവി അറിയാതെ ഇംഗ്ലണ്ട്. ഹംഗറിയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഹാരീ കെയിനും കൂട്ടരും തകർത്തത്. എല്ലാ ഗോളുകളും കളിയുടെ രണ്ടാം പകുതിയിലാണ് വീണത്.
കളിയുടെ 55-ാം മിനിറ്റിൽ സ്റ്റെർലിംഗാണ് ആദ്യ ഗോൾ നേടിയത്. മൗണ്ട് നൽകിയ പന്താണ് സ്റ്റെർലിംഗ് വലയിലെത്തിച്ചത്. രണ്ടാം ഗോൾ നായകൻ ഹാരീ കെയിനിന്റെ വകയായിരുന്നു. കെയിൻ 63-ാം മിനിറ്റിലാണ് ഗോൾ നേടിയത്. 69-ാം മിനിറ്റിൽ ഷാ നൽകിയ പാസ് സ്വീകരിച്ച് മാഗൈ്വർ മൂന്നാം ഗോളും ഗ്രീലിഷിന്റെ സഹായത്താൽ 87-ാം മിനിറ്റിൽ റൈസ് നാലാം ഗോളും നേടി.
യൂറോപ്പിലെ ഗ്രൂപ്പ് ഐയിലാണ് ഇംഗ്ലണ്ടും ഹംഗറിയുമുള്ളത്. പോളണ്ട്, അൽബേനിയ, അൻഡോറ, സാൻ മാറിനോ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പിലുള്ളത്. നാലിൽ നാല് മത്സരവും ജയിച്ചാണ് ഇംഗ്ലീഷ് പട മുന്നേറിയത്.















